പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓണ്‍ലൈന്‍ ക്ളാസില്‍ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

Spread the love

ആഘോഷങ്ങളോടെ വെര്‍ച്വല്‍ പ്രവേശനോത്സവം

post

തിരുവനന്തപുരം : കുട്ടികളിലെ പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓണ്‍ലൈന്‍ ക്ളാസില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ത്ഥികളുടെ മാനസികോല്ലാസത്തിനാവശ്യമായ കാര്യങ്ങളും ടെലിവിഷന്‍ ക്ളാസുകളില്‍ നല്‍കും. സംഗീതം, ചിത്രകല, കായികം തുടങ്ങിയ വിഷയങ്ങള്‍ ചാനലിലൂടെയും വിദ്യാഭ്യാസ വകുപ്പിന്റെ യുട്യൂബ് ചാനലുകളിലൂടെയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ക്രിയാത്മകമായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനായി. ഈ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് കേരളം.

പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകള്‍ ആയി വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വീടുകളില്‍ തന്നെ കഴിയണം. സ്വന്തം അധ്യാപകരുമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ കഴിയുന്ന സംവിധാനം ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും. 45 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ളാസ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ രണ്ടര ലക്ഷം പേര്‍ക്ക് ഓണ്‍ലൈന്‍ ക്ളാസിന് ബുദ്ധിമുട്ടുണ്ടായിരുന്നു. കേരളം ഒറ്റക്കെട്ടായി നിന്ന് ഇതിന് പരിഹാരം ഉണ്ടാക്കി. ഡിജിറ്റല്‍ അന്തരത്തെ ബഹുജന പിന്തുണയോടെ സംസ്ഥാനം അതിജീവിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സവിശേഷ സ്‌കൂളുകളിലേതടക്കമുള്ള വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മികച്ച നിലയില്‍ ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്‌ളാസുകള്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വീടുകളില്‍ ആണെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ പ്രവേശനോത്സവം നടത്തുകയാണ്. ഇരിക്കുന്നത് അകലങ്ങളില്‍ ആണെങ്കിലും മനസ്സുകൊണ്ട് എല്ലാവരും തൊട്ടടുത്താണ്. ഡിജിറ്റല്‍ ക്ലാസിലെ അടുത്ത ഘട്ടം എന്ന നിലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അധ്യാപകരോട് നേരിട്ട് സംശയങ്ങള്‍ ചോദിച്ചറിയാനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *