മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും

Spread the love
post
പത്തനംതിട്ട : മലയാലപ്പുഴ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
        97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കെട്ടിടം പോലീസ് സ്റ്റേഷനു വേണ്ടി നിര്‍മിക്കുന്നത്. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്‍, കെട്ടിട നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകുന്നതോടെ അവിടേയ്ക്ക് മാറ്റി സ്ഥാപിക്കും.
       പുതിയ കെട്ടിടത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുറി, സബ് ഇന്‍സ്‌പെക്ടര്‍മാരുടെ മുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ലോക്കപ്പു മുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമമുറികള്‍, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകള്‍ സൂക്ഷിക്കുന്നതിനും, ആയുധം സൂക്ഷിക്കുന്നതിനുമുള്ള മുറികള്‍, ഓഫീസ് മുറി, സെര്‍വര്‍ റൂം, ടോയ്‌ലറ്റുകള്‍ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യവുമുണ്ടാകും.
      കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആധുനിക  സൗകര്യങ്ങളുള്ള ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലൊന്നായി മലയാലപ്പുഴ സ്റ്റേഷന്‍ മാറും. നിരവധി തീര്‍ഥാടകരടക്കം എത്തിച്ചേരുന്ന മലയാലപ്പുഴയില്‍ ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കാന്‍ കഴിയുംവിധം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു. പുതിയ കെട്ടിടത്തിന് സംരക്ഷണഭിത്തി നിര്‍മിക്കാനും എംഎല്‍എ പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
     യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിഷാന്തിനി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ.സുള്‍ഫിക്കര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് പി.പി. സന്തോഷ് കുമാര്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍, വൈസ് പ്രസിഡന്റ് എസ്.ഷാജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മെജോ ജോര്‍ജ്,  മലയാലപ്പുഴ എസ്എച്ച്ഒ കെ.ബി. മനോജ് കുമാര്‍, കോണ്‍ട്രാക്ടര്‍ ഷിബു സാമുവല്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *