വിപണി കണ്ടെത്താന്‍ കപ്പ ചലഞ്ച്

Spread the love

post

കണ്ണൂര്‍ : വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കപ്പ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കപ്പ കിറ്റുകളാക്കി വളണ്ടിയര്‍മാരുടെ സഹായത്തോടെ വീടുകളില്‍ വിറ്റഴിച്ച് കര്‍ഷകര്‍ക്ക് മികച്ച വിപണി കണ്ടെത്തുകയാണ് ചലഞ്ചിലിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തില്‍ വിവിധ ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ പ്രത്യേക ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.

ഗ്രാമ പഞ്ചായത്തുകള്‍ മുഖേനയാണ് കപ്പ ശേഖരിക്കുക. അതത് പഞ്ചായത്തുകളില്‍ വിറ്റഴിക്കാനാവാത്ത കപ്പ മറ്റ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചോ ജില്ലാ പഞ്ചായത്തിന്റെ കൂടി സഹായത്തോടെ ജില്ലയിലെ നഗര തീര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചോ ആണ് വില്പന നടത്തുക. റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും വിപണി കണ്ടെത്തും. രണ്ടര കിലോയുള്ള കപ്പ കിറ്റിന് 50 രൂപ എന്ന നിരക്കാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. ജൂണ്‍ എട്ടിന് നാഷണല്‍, സ്റ്റേറ്റ ഹൈവേയില്‍ വില്‍പ്പനയ്ക്കായി ചെറിയ ഔട്ട്‌ലെറ്റുകളൊരുക്കി യാത്രക്കാര്‍ക്ക് വിറ്റഴിക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.

ഇതിലൂടെ കര്‍ഷകര്‍ക്ക് മതിയായ ലാഭം കണ്ടെത്തി നല്‍കാന്‍ സാധിക്കുകയും വളണ്ടിയര്‍മാര്‍ക്ക് ചെറിയൊരു തുക ലഭ്യമാക്കാനും കഴിയും. കര്‍ഷകന് കുറഞ്ഞത് 35 രൂപയെങ്കിലും നിര്‍ബന്ധമായും ലഭ്യമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. നിലവില്‍ 380 ടണിലധികം കപ്പയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വിളവെടുപ്പിന് പാകമായിട്ടുള്ളത്.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സെക്രട്ടറി വി ചന്ദ്രന്‍ വിവിധ ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കൃഷി ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *