ഗ്രാജ്വേഷനു ശേഷം പുറത്തിറങ്ങിയ വിദ്യാര്‍ഥിനി മണിക്കൂറുകള്‍ക്കുള്ളില്‍ വെടിയേറ്റു മരിച്ചു : പി.പി. ചെറിയാന്‍

ജാക്‌സണ്‍ (മിസിസിപ്പി): ജാക്‌സന്‍ മുറെ ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ ചടങ്ങില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ 18 വയസുള്ള വിദ്യാര്‍ഥിനി അതേ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ അജ്ഞാതന്റെ തോക്കില്‍ നിന്നുവന്ന വെടിയുണ്ടയേറ്റു അതിദാരുണമായി കൊല്ലപ്പെട്ടു. മൂന്നു തവണയാണ് അക്രമി നിറയൊഴിച്ചത്.

കെന്നഡി ഹോബ്‌സ് (18) എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം വാക്‌സിംഗ് ബാര്‍ നടത്തുന്നതിനുള്ള ലൈസന്‍സുള്ള വ്യവസായി കൂടിയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഹോബ്‌സിന്റെ ഗ്രാജുവേഷന്‍. സര്‍ട്ടിഫിക്കറ്റും വാങ്ങി പുറത്തിറങ്ങിയ കുട്ടിയുടെ മന്ദസ്മിതം തൂകുന്ന മുഖം കാമറമാന്‍ ഒപ്പിയെടുത്തിരുന്നു. ഭാവിയെ കുറിച്ചു ഉയര്‍ന്ന പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ വിദ്യാര്‍ഥിനിയായിരുന്നു ഹോബ്‌സെന്ന് ജാക്‌സണ്‍ പബ്ലിക് സ്‌കൂള്‍ സൂപ്രണ്ട് എറിക് ഗ്രീന്‍ പറഞ്ഞു.

ജാക്‌സണ്‍ ടെക്‌സാക്കൊ ഗ്യാസ് സ്റ്റേഷനില്‍ രാത്രി പതിനൊന്നോടെയാണ് വെടിവയ്പുണ്ടായത്. വെടി വച്ചതിനുശേഷം അക്രമി ഓടി മറഞ്ഞു. ഹോബിനു പ്രതിയെ നേരത്തെ അറിയാമായിരുന്നുവോ എന്ന് വ്യക്തമല്ലെന്നു ജാക്‌സന്‍ പോലീസ് പറഞ്ഞു. നാലു മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ കൊല്ലപ്പെട്ട ഹോബ്‌സിന്റെ കുടുംബാംഗങ്ങള്‍ അസംതൃപ്തരാണ്. ജാക്‌സന്‍ പോലീസ് സ്റ്റേഷനു മുന്‍പില്‍ കുടുംബാംഗങ്ങള്‍ മണിക്കൂറുകളോളം കൂടി നിന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

പാന്‍ഡമിക്കിനു ശേഷം ജാക്‌സന്‍ സിറ്റിയിലെ ഏഴു സ്‌കൂളുകളിലാണ് ഗ്രാജ്വേഷന്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ബുധനാഴ്ച നടന്ന മറ്റൊരു സ്‌കൂളിലെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ കെന്നഡി ഹോബ്‌സിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ചു വികാരഭരിതയായിട്ടാണ് സൂപ്രണ്ട് അനുസ്മരിച്ചത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Leave Comment