സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Spread the love

 

പ്രവർത്തനങ്ങൾ മന്ത്രിമാർ നേരിട്ട് വിലയിരുത്തി

ആലപ്പുഴ: എ.സി. റോഡിനെ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതിനായി ആദ്യ പിണറായി സർക്കാർ തുടക്കം കുറിച്ച ആലപ്പുഴ-ചങ്ങനാശേരി സെമി എലിവേറ്റഡ് ഹൈവേ പദ്ധതി മുൻനിശ്ചയിച്ച പ്രകാരം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സെമി എലിവേറ്റഡ് ഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾ  വിലയിരുത്താൻ ഫിഷറീസ്-സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനോടൊപ്പം എ.സി. റോഡ് സന്ദർശിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്തും മറ്റു വകുപ്പുകളുമായി ചില കാര്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കേണ്ടതുണ്ട്. വനംവകുപ്പുമായും റവന്യൂ വകുപ്പുമായും ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ നിർമാണം ആരംഭിക്കുമ്പോൾ ഗതാഗതം വഴിതിരിച്ചുവിടണം. ഇതിനായി ജില്ല കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. 24 കിലോമീറ്റർ വരുന്ന ഹൈവേയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ഉടൻ ഉന്നതതല യോഗം ചേരും. ജനങ്ങളാകെ ആഗ്രഹിക്കുന്ന, അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. നിലവിൽ 851 മരങ്ങൾ മുറിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതിൽ 787 മരങ്ങൾ ലേലം ചെയ്യാനുള്ള നടപടിയായി. 64 മരങ്ങളുടെ കാര്യത്തിൽ അന്തിമ നടപടിയായിട്ടില്ല. വനംവകുപ്പുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളും തിരുവനന്തപുരത്തു നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ഹൗസിലെത്തിയ മന്ത്രി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായും എം.എൽ.എ.മാരുമായും ആലപ്പുഴയുടെ ടൂറിസം വികസനം സംബന്ധിച്ച് ചർച്ച നടത്തി. ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി  ആലപ്പുഴ പൈതൃക പദ്ധതി എത്രയും വേഗം നടപ്പാക്കും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടൂറിസം പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. എ.സി. റോഡിലെ പള്ളാത്തുരുത്തി പാലം മന്ത്രിമാർ സന്ദർശിച്ചു. നിർമാണ പ്രവർത്തനം നടക്കുന്ന മറ്റിടങ്ങൾ കണ്ടു.

എം.എൽ.എ.മാരായ എച്ച്. സലാം, തോമസ് കെ. തോമസ്, പി.പി. ചിത്തരഞ്ജൻ, ചങ്ങനാശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ, കെ.എസ്.റ്റി.പി. ചീഫ് എൻജിനീയർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, സൂപ്രണ്ടിങ് എൻജിനീർ എൻ. ബിന്ദു, എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. ഡിറ്റി എന്നിവർ മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.

റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് എ.സി. റോഡ് പുനരുദ്ധരിക്കാൻ പദ്ധതി നടപ്പാക്കിയത്. 2020 ഒക്‌ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. നവീകരിക്കുന്ന റോഡിനും ഫ്‌ളൈ ഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റർ വീതിയുള്ള രണ്ടു വരി പാതയും ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 13 മീറ്റർ മുതൽ 14 മീറ്റർ വരെ വീതിയുണ്ടാകും. 20 കിലോമീറ്ററിൽ മൂന്നുതരത്തിലുള്ള നിർമാണ രീതിയാണ് അവലംബിക്കുന്നത്. ഒന്നാമത്തേത് 2.9 കിലോമീറ്റർ ബി.എം.ബി.സി. മാത്രം ചെയ്ത് റോഡ് ഉയർത്തുന്നതും രണ്ടാമത്തേത് 8.27 കി.മി. ജീയോടെക്‌സ്‌റ്റൈൽ ലെയർ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തേത് ഒമ്പതു കി.മി. ജിയോ ഗ്രിഡും കയർ ഭൂവസ്ത്രത്താൽ എൻകേസ് ചെയ്ത സ്റ്റോൺകോളവും ഉപയോഗിച്ചുളള ബലപ്പെടുത്തലുമാണ് അവലംബിച്ചിരിക്കുന്നത്.
എല്ലാവർഷവും മൺസൂൺ സമയത്ത് റോഡിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്നുകിടക്കുന്ന അഞ്ച് സ്ഥലങ്ങളിൽ ഫ്‌ളൈ ഓവർ നിർമിക്കും. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജംഗ്ഷനും ഇടയിൽ 370 മീറ്ററും മങ്കൊമ്പ് ജംഗ്ഷനും മാങ്കാവ് കലുങ്കിനും ഇടയിൽ 440 മീറ്ററും മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതി ജംഗ്ഷനും പറശ്ശേരി പാലത്തിനും ഇടയിൽ 260 മീറ്ററും പൊങ്ങ കലുങ്കിനും പണ്ടാരക്കളത്തിനും ഇടയിൽ 485 മീറ്ററും നീളത്തിലാണ് ഫ്‌ളൈ ഓവറുകൾ ക്രമീകരിക്കുക. ഫ്‌ളൈ ഓവറുകളുടെ നീളം 1.785 കിലോമീറ്ററാണ്. എ.സി റോഡിൽ കുറച്ച് ദൂരത്തിൽ മാത്രം വെളളപ്പൊക്കമുണ്ടായ ഭാഗങ്ങളിൽ നിലവിലെ റോഡ് അധികം ഉയർത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി ഒമ്പത് സ്ഥലങ്ങളിൽ കോസ്-വേ നൽകിയിട്ടുണ്ട്. റോഡ് നവീകരിക്കുന്നതിന് മെയിന്റനൻസ് തുക ഉൾപ്പെടെ 649.76 കോടി രൂപയാണ് ചെലവ് വരുന്നത്. പൂർത്തീകരണത്തിന് 30 മാസം സമയപരിധിയാണ് കണക്കാക്കിയിട്ടുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *