മകള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ചു; മാതാവ് വീടിനകത്ത് കഞ്ചാവ് തയാറാക്കുന്ന തിരക്കില്‍! – പി.പി. ചെറിയാന്‍

Spread the love

Picture

വിസാലിയ (കലിഫോര്‍ണിയ): മാതാവ് വീടിനകത്ത് കഞ്ചാവ് തയറാക്കുന്നതിനിടയില്‍ മറന്നുപോയ മൂന്നു വയസുള്ള മകള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ച സംഭവം കലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് നാലാം തീയതി വെള്ളിയാഴ്ചയായിരുന്നു സംഭവം.

കുട്ടിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് എത്തുന്നതിനു മുമ്പ് കുടുംബാംഗങ്ങള്‍ സിപിആര്‍ നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തി.

മൂന്നു മണിക്കൂറെങ്കിലും കുട്ടി കാറിനകത്ത് കഴിഞ്ഞിരുന്നുവെന്നും, പുറത്തെ താപനില അപ്പോള്‍ നൂറു ഡിഗ്രിയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Picture2
കുട്ടി മരിക്കാനിടയായ സംഭവത്തില്‍ മാതാവ് യുസ്‌തേജിയ മൊസാക്ക ഡൊമിനങ്ക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാറില്‍ ഇരുത്തി വീട്ടിലെത്തിയ മാതാവ് കഞ്ചാവ് തയാറാക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി. വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ 150 കഞ്ചാവ് ചെടികളും, 475 പൗണ്ട് കഞ്ചാവും കണ്ടെടുത്തു.

ഇതേസമയം വീടിനകത്ത് മറ്റ് നാലു മുതിര്‍ന്നവരും, നാലു കുട്ടികളും ഉണ്ടായിരുന്നു. ഇതില്‍ മൊസാക്കയുടെ മാതാവ് ഉള്‍പ്പടെ നാലുപേരേയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേയും കേസെടുത്ത ടുലെയര്‍ കൗണ്ടി പ്രീ ട്രയല്‍ ഫെസിലിറ്റിയില്‍ അടച്ചു.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *