വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡി; ഒന്നരക്കോടി അനുവദിച്ചു

                             

സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒന്നര കോടി രൂപയാണ് സബ്‌സിഡിയായി നൽകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പിന്റെ ശുപാർശ ഗതാഗത മന്ത്രി അംഗീകരിച്ചു. പുതിയ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നൽകാൻ ഒന്നര കോടി രൂപയുടെ ഭരണാനുമതിയും നല്കിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം നേരിടാൻ ലോകം മുഴുവൻ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ അതിനോട് ചേർന്നു നീങ്ങാനുള്ള ചെറിയൊരു കാൽവയ്പ്പാണിതെന്നും കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർധന മുലം നട്ടം തിരിയുന്ന സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക്  ഇതു മൂലം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗതമന്ത്രി അറിയിച്ചു.

നേരത്തെ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇ-വാഹന നയത്തിൽ വാണിജ്യവാഹനങ്ങളിൽ വൈദ്യുതി ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ നിർദ്ദേശിച്ചിരുന്നു.
ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 10000 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നൽകുവാനാണ് ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർത്തിയാക്കുവാൻ ഒരു നോഡൽ ഓഫിസറെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave Comment