കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി


on July 2nd, 2021

ഹണ്ട്‌സ് വില്ല  ഗര്‍ഭിണിയായ ഭാര്യ, ഭാര്യ പിതാവ്, 5 വയസ്സുള്ള മകള്‍ എന്നിവരെ കൊലപ്പെടുത്തിയ ജോണ്‍ ഹമ്മലിന്റെ(45) വധശിക്ഷ ജൂണ്‍ 30 വൈകീട്ട് ടെക്‌സസ്സ് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.

2009ലാണ് കേസ്സിനാസ്പദമായ സംഭവം ഫോര്‍ട്ട് വര്‍ത്തില്‍ നടന്നത്. ഗര്‍ഭിണിയായ 45 വയസ്സുള്ള ഭാര്യയെ 30ലേറെ തവണ കുത്തിയും, 5 വയസ്സുള്ള മകളെ ക്രൂരമായി മര്‍ദിച്ചും, വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ഭാര്യപിതാവിനെ ബേസ്ബാള്‍ ബാറുകൊണ്ട് അടിച്ചുമാണ് കൊലപ്പെടുത്തിയത്, തുടര്‍ന്ന് വീടിന് തീ വെക്കുകയും ചെയ്തു. സംഭവത്തിനു ശേഷം വീട്ടില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ കാലിഫോര്‍ണിയ ഓഷല്‍ റെസഡില്‍ നിന്നാണ് പോലീസ് പിടി കൂടിയത്.
 
കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ വെച്ച് പരിചയപ്പെട്ട സ്ത്രീയുമായി ഒളിച്ചോടുന്നതിനാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പിന്നീട് പ്രതി സമ്മതിച്ചു.
 
2020 മാര്‍ച്ച് മാസം വധശിക്ഷ നടപ്പിലാക്കാനായിരുന്നു വിധി, പാന്‍ഡമിക്കിനെ തുടര്‍ന്നാണ് ഇത്രയും താമസിച്ചത്.
 ബുധനാഴ്ച തനി മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ച് മിനുട്ടുകള്‍ക്കകം മരണം സ്ഥിരീകരിച്ചു. ഈ വര്‍ഷം ടെക്‌സസ്സില്‍ നടപ്പിലാക്കിയ രണ്ടാമത്തെ വധശിക്ഷയാണിത്, അമേരിക്കയിലെ അഞ്ചാമത്തേതും.
 അമേരിക്കയിലെ പല സംസ്ഥാനങ്ങളും വധശിക്ഷ നിര്‍ത്തല്‍ ചെയ്തിട്ടുണ്ടെങ്കിലും ടെക്‌സസ്സ് ഉള്‍പ്പെടെ 27 സംസ്ഥാനങ്ങളില്‍ ഇന്നും വധശിക്ഷ നിലനില്‍ക്കുന്നു.
 പ്രസിഡന്റ് ബൈഡന്‍ വധശിക്ഷ നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്ന വ്യക്തിയാണെങ്കിലും, ദേശവ്യാപകമായി വധശിക്ഷ നിര്‍ത്തലാക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല
.
                                           റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *