ഫ്‌ളോറിഡ ദുരിതത്തില്‍ മരിച്ച ഇന്ത്യന്‍ കുടുംബാംഗങ്ങളുടെ സംസ്‌ക്കാരം നടന്നു : പി.പി.ചെറിയാന്‍

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സര്‍ഫ് സൈഡില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു മരിച്ച വിശാല്‍ പട്ടേല്‍, ഭാര്യ ഭാവന പട്ടേല്‍(36) ഇവരുടെ ഒരു വയസ്സുള്ള മകള്‍ എന്നിവരുടെ ക്രിമേഷന്‍ ജൂലായ് 15നു നടന്നു. തുടര്‍ന്നു ചിതാഭസ്മം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിമജ്ഞനം ചെയ്യുമെന്ന് ഭാവനപട്ടേലിന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരി ത്രിഷദേവി അറിയിച്ചു.

അപകടത്തില്‍ മരിക്കുമ്പോള്‍ ഭാവന നാലുമാസം ഗര്‍ഭിണിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ഇവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ഒപ്പ ലോക്കയിലെ ശ്രീ മാരിയമ്മന്‍ അമ്പലത്തില്‍ നടന്നു.
ഭാവനയുടെയും വിശാലിന്റെയും മൃതദ്ദേഹം ജൂലായ് 9നാണ് ലഭിച്ചത്. കുട്ടിയുടെ മൃതദ്ദേഹം ജൂലായ് 14നും ലഭിച്ചു.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവരുടെ സംസ്‌ക്കാര ചടങ്ങുകളില്‍ സംബന്ധിച്ചു.

രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ഈ തകര്‍ന്നു വീണ കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. യു.കെ.യില്‍ കഴിഞ്ഞിരുന്ന ഭാവനയും, കാലിഫോര്‍ണിയായിലെ വിശാലും നീണ്ട പത്തു വര്‍ഷത്തെ സുഹൃദ്ബന്ധത്തിനു ശേഷമാണ് വിവാഹിതരായത്. നിരവധി സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഉണ്ടായിരുന്ന ഭാവനക്കും, വിശാലിനും ഫ്‌ളോറിഡാ ബീച്ച് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇവിടെ താമസമാക്കിയത്. ഇവരുടെ ആകസ്മിക വിയോഗം എല്ലാവര്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവെന്നു അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ശ്രീമാരിയമ്മന്‍ അമ്പല പൂജാരി റിഷി ഗുല്‍ചരണ്‍ ഇവരുടെ അടുത്ത സുഹൃത്തായിരുന്നു.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *