സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

post

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു.  സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ ജനകീയമായും ക്രിയാത്മകമായും സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയുടെ ചരിത്രം അനുസ്മരിക്കുന്നതിനും ആഘോഷവേളയാക്കി മാറ്റുന്നതിനുമുള്ള അവസരമാണ് അമൃതമഹോത്സവമെന്നും കളക്ടര്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 1937ലെ ആറന്മുള ക്ഷേത്ര സന്ദര്‍ശനം, ഇലന്തൂര്‍ സന്ദര്‍ശനം, മാരാമണ്‍ തേവര്‍തുണ്ടിയില്‍ ടൈറ്റസിന്റെ ഭവന സന്ദര്‍ശനം, വേലുത്തമ്പി ദളവയുടെ  ജീവല്‍ ത്യാഗം, സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ കേരളത്തില്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഘോഷങ്ങളാണ് ജില്ലയില്‍ നടത്തുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി 75 ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്,  തദ്ദേശ സ്വയംഭരണ വകുപ്പ്, പുരാവസ്തു വകുപ്പ്, യുവജനകാര്യ വകുപ്പ്, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് എന്നിവയെയാണ് നിര്‍വഹണ ഏജന്‍സികളായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ സന്ദേശം ജില്ലയിലെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ പരിപാടികള്‍ നടത്തും. സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീടുകളില്‍ വൃക്ഷത്തൈ നടുകയോ, പുസ്തകം മറ്റുള്ളവര്‍ക്ക് സംഭാവനയായി നല്‍കുകയോ ചെയ്ത് അമൃതമഹോത്സവത്തില്‍ പങ്കാളികളാകാം.

ഒക്ടോബറില്‍ മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി നടക്കും. 2022 ജനുവരിയില്‍ 1935ലെ സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ അനുസ്മരണം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. 2022 മാര്‍ച്ചില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ കേരളത്തില്‍ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് പരിപാടി നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാദേശിക ചരിത്രം തയാറാക്കും. സമഗ്രശിക്ഷാ അഭിയാന്‍, ഡയറ്റ്, ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ പങ്കാളികളാകും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷ പരിപാടി ജില്ലയില്‍ സംഘടിപ്പിക്കുന്നതിന്റെ ജില്ലാതല നോഡല്‍ ഓഫീസര്‍ ജില്ലാ കളക്ടറും ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.

ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നടന്ന പരിപാടികള്‍ യോഗം വിലയിരുത്തി. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആറന്മുള എന്‍ജിനിയറിംഗ് കോളജുമായി സഹകരിച്ച് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവും മ്യൂറല്‍ പെയിന്റിംഗ് എക്‌സിബിഷനും സംഘടിപ്പിച്ചു. മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇതിനു പുറമേ ജൂലൈ 25ന് കവി സംഗമവും സംഘടിപ്പിക്കും.

സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, സാംസ്‌കാരിക വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍  ഡോ. രാധാമണി, മൂലൂര്‍ സ്മാരകം പ്രസിഡന്റും മുന്‍എംഎല്‍എയുമായ കെ.സി. രാജഗോപാലന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, കണ്ണശ സ്മാരകം സെക്രട്ടറി പ്രൊഫ. കെ.വി. സുരേന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ ബീനാ റാണി, ഡയറ്റ് പ്രിന്‍സിപ്പല്‍ വേണുഗോപാല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍, ആറന്മുള വാസ്തുവിദ്യാഗുരുകുലം എന്‍ജിനിയര്‍ പി.പി. സുരേന്ദ്രന്‍, വേലുത്തമ്പി ദളവാ സ്മാരകം ഗൈഡ് കുഞ്ഞപ്പന്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ശ്രീലേഖ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് ജയലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment