ഓണത്തിന് ഒരു മുറം പച്ചക്കറി; ജില്ല ലക്ഷ്യമിടുന്നത് 15000 ടണ്‍ പച്ചക്കറി ഉത്പാദനം

Spread the love

post

എറണാകുളം : കുമ്പളം, വെളളരിക്ക, മത്തന്‍, പടവലം, പയര്‍ എന്നിവയെല്ലാം പുതുനാമ്പുകളിട്ട് പടര്‍ന്നു കയറുമ്പോള്‍ തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയില്‍ കൃഷി ചെയ്യുന്ന മോഹന്‍ മത്തായിക്കും അബ്രഹാമിനും ബേബിക്കും പ്രതീക്ഷയേറുകയാണ്. മാനം കറുക്കുമ്പോള്‍ ഇവരുടെ മനവും കറക്കുമെങ്കിലും മഴ ഇത്തവണ തങ്ങളെ ചതിക്കില്ലെന്നാണ് ഇവര്‍ കരുതുന്നത്. അങ്ങനെ വന്നാല്‍ ഓണത്തിന് മികച്ച വിളവെടുക്കാന്‍ ഇവര്‍ക്കാകും.

മോനിപ്പള്ളിയിലെ ഐസക്കും ഓണം വിപണി ലക്ഷ്യമിട്ടാണ് കൃഷിയിറക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് മൂന്നാം തരംഗവും ഓണവും ഒന്നിച്ചെത്തിയാല്‍ ദുരിതം ഇരട്ടിയാകുമെന്ന ആശങ്കയും ഇദ്ദേഹത്തിനുണ്ട്.

കാര്‍ഷിക സമൃദ്ധിയും വിഷമില്ലാത്ത ജൈവ പച്ചക്കറികളുടെ ഉത്പാദനവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ബൃഹത്തായ ശ്രമങ്ങള്‍ക്ക് കൈയും മെയും മറന്ന പിന്തുണ നല്‍കുകയാണ് ഈ കര്‍ഷകര്‍. അയ്യമ്പുഴപഞ്ചായത്തിലെ വില്‍സണും ബാബുവും വിഷമില്ലാത്ത മത്തനും കുമ്പളവും ഈ ഓണത്തിന് ഗ്യാരന്റിയാണെന്ന് പറയുന്നു. 60 സെന്റില്‍ പടവലം, പാവല്‍ അടക്കമുള്ള കൃഷിയിറക്കി വിളവെടുപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അയ്യമ്പുഴയിലെ ബേബിയും.

പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷിഭവനുകള്‍ മുഖേന വിത്തുകളും തൈകളും വിതരണം ചെയ്യുമ്പോള്‍ വീടുകളിലും ടെറസുകളിലും കൃഷി ചെയ്യുന്ന അമ്മമാരും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളുമെല്ലാം ആവേശത്തോടെ അത് ഏറ്റെടുക്കുകയാണ്. ഓരോ ബ്ലോക്കുകളിലും കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച വിതരണം ചെയ്യുന്ന വിത്തുകളും തൈകളും വാങ്ങനെത്തുന്നവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ യാഥാര്‍ഥ്യമാണ്. വിഷമില്ലാത്ത പച്ചക്കറികള്‍ ഓരോ വീട്ടുവളപ്പിലും നട്ടു വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കൃഷി വകുപ്പില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് വരാപ്പുഴയിലെ സിനി സന്തോഷ് പറയുന്നു. വെണ്ട, തക്കാളി, വഴുതനങ്ങ, പീച്ചിങ്ങ, പടവലങ്ങ, മുളക് തുടങ്ങിയ എല്ലാ ഇനങ്ങളും സിനി ടെറസില്‍ ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നു. സ്വന്തം ആവശ്യത്തിനു മാത്രമല്ല അയല്‍പക്കക്കാരും ബന്ധുക്കളും ജൈവ പച്ചക്കറികള്‍ തേടി വരുന്നുണ്ടെന്ന് സിനി പറയുന്നു.

പാമ്പാക്കുട ബ്ലോക്ക് ഉള്‍പ്പെടുന്ന പിറവത്ത് 35000 വിത്ത് പാക്കറ്റുകളും 150000 തൈകളും വിതരണം ചെയ്തിട്ടുണ്ട്. ഇതുവഴി 20 ഹെക്ടര്‍ സ്ഥലത്ത് കൂടി അധികമായി കൃഷിക്കായി ഉപയോഗപ്പെടുത്താനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. 50 ടണ്‍ അധിക പച്ചക്കറി ഉത്പാദനവും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വഴി ലക്ഷ്യമിടുന്നു.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിലും ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയും മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. പദ്ധതിക്ക് കീഴില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരേക്കര്‍ പച്ചക്കറികൃഷി ഒരുക്കിയിട്ടുണ്ട്. 16500 പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍, 90000 പച്ചക്കറി തൈകള്‍ എന്നിവ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. ഓണത്തിനൊരുമുറം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 60 ടണ്‍ പച്ചക്കറി ഉത്പാദനമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.

വി.എഫ്.പി.സി.കെ, സര്‍ക്കാര്‍ ഫാമുകള്‍, കാര്‍ഷിക കര്‍മ്മസേനകള്‍, അഗ്രോ സര്‍വീസ് സെന്റെറുകള്‍ എന്നിവ മുഖാന്തരവും വിത്തുകളും പച്ചക്കറി തൈകളും  ലഭ്യമാക്കുന്നുണ്ട്. ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണ പദ്ധതിയും ഈ കാലയളവില്‍ നടത്തും. ആദ്യവര്‍ഷം തന്നെ ജില്ലയില്‍ മികച്ച രീതിയില്‍ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിക്ക് കീഴില്‍ കൂടുതല്‍ കൃഷിയിടങ്ങളും ഒരുക്കുന്നുണ്ട്.

 

ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിശീലനവും നല്‍കി വരുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി. അനിത കുമാരി പറഞ്ഞു. കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായം, വിത്തുകള്‍, ജലസേചനത്തിനുള്ള പമ്പ് സെറ്റുകള്‍ തുടങ്ങിയ സഹായവും നല്‍കിവരുന്നുണ്ട്. 100 ചതുരശ്ര മീറ്റര്‍ മഴമറ നിര്‍മ്മിക്കാന്‍ 50000 രൂപ ധനസഹായം നല്‍കുന്നുണ്ട്. സ്ഥലം തീരെയില്ലാത്തവര്‍ക്ക് ടെറസില്‍ കൃഷി ചെയ്യുന്നതിന് തുള്ളിനന, തിരിനന ജലസേചന രീതികള്‍ നല്‍കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ കൃഷി ഭവനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രീയ രീതിയില്‍ വളം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും ലഭിക്കും. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷി 100ശതമാനം സബ്സിഡിയും ലഭിക്കുന്നു.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ വീട്ടിലെ ആവശ്യത്തിനുള്ളതിലധികം ഉണ്ടെങ്കില്‍ വില്‍പ്പനയ്ക്കും കൃഷി വകുപ്പിന്റെ കൈത്താങ്ങ് ലഭ്യമാകും. ആഴ്ച ചന്തകളും ഇക്കോ ഷോപ്പുകളും ഇതിനായി പ്രയോജനപ്പെടുത്താം. ഇത്തരം 40 മാര്‍ക്കറ്റുകളാണ് ജില്ലയിലുള്ളത്. അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഇങ്ങനെ വില്‍ക്കാം. ജൈവ പച്ചക്കറികളായതിനാല്‍ പ്രീമിയം വിലയും ലഭിക്കുമെന്നും അനിത കുമാരി പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *