അഴീക്കലിനെ റീജ്യണല്‍ പോര്‍ട്ട് ഓഫീസാക്കും; പുതിയ പോര്‍ട്ടിനായി ഓഫീസ് തുടങ്ങും: തുറമുഖ വകുപ്പ് മന്ത്രി

post

കണ്ണൂർ: അഴീക്കല്‍ തുറമുഖത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ അതിനെ റീജ്യണല്‍ പോര്‍ട്ട് ഓഫീസായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയെ അറിയിച്ചു. അഴീക്കലില്‍ പുതുതായി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് അഴീക്കലില്‍ ഒരു പുതിയ ഓഫീസ് സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎല്‍എ ഉന്നയിച്ച സബ്മിഷനുകള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിലവില്‍ ആലപ്പുഴ, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളാണ് കേരള മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള റീജ്യണല്‍ പോര്‍ട്ട് ഓഫീസുകള്‍. അഴീക്കലിനെ കൂടി റീജ്യണല്‍ പോര്‍ട്ട് ഓഫീസ് ആക്കുന്ന കാര്യം പരിഗണിക്കും. മലബാര്‍ മേഖലയുടെ ഒരു ട്രേഡിംഗ് ഹബ്ബായി അഴീക്കല്‍ തുറമുഖത്തെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഇതോടൊപ്പം അഴീക്കലില്‍ ഒരു ആധുനിക ഗ്രീന്‍ഫീല്‍ഡ് തുറമുഖം നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനായി ഒരു പ്രത്യേക കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അഴിമുഖത്തില്‍ നിന്ന് മാറി പുറംകടലില്‍ മൂന്ന് ഘട്ടങ്ങളായുള്ള തുറമുഖ വികസനമാണ് ഉദ്ദേശിക്കുന്നത്. ഏതാണ്ട് 3000 കോടി രൂപ ചെലവ് വരുന്ന ആദ്യഘട്ടത്തിന്റെ ഫീസിബിലിറ്റി റിപ്പോര്‍ട്ടിന് ഇതിനകം അംഗീകാരം ലഭിച്ചു. വിശദ പദ്ധതി രേഖ തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഡിപിആര്‍ തയ്യാറാക്കി ആവശ്യമായ അനുമതികള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖത്തോടനുബന്ധിച്ചുള്ള വ്യവസായ വികസനത്തിനായി ഒരു സെസ് ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലും പരിഗണനയിലുണ്ട്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

അഴീക്കല്‍ പോര്‍ട്ടില്‍ വര്‍ഷങ്ങള്‍ക്കു ശേഷം തുടര്‍ച്ചയായി ചരക്കു കപ്പല്‍ ഗതാഗതം സാധ്യമാക്കിയതിന് മുഖ്യമന്ത്രിയെയും തുറമുഖ വകുപ്പ് മന്ത്രിയെയും അഭിനന്ദിക്കുന്നതായി കെ വി സുമേഷ് പറഞ്ഞു. അഴീക്കലില്‍ നിര്‍മിക്കുന്ന ആധുനിക ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ പോര്‍ട്ടിന് ആവശ്യമായ സര്‍വേ നടപടികളും ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് അഴീക്കലില്‍ ഒരു ഓഫീസ് സംവിധാനം ആരംഭിക്കണമെന്നായിരുന്നു എംഎല്‍എയുടെ സബ്മിഷന്‍. കാസര്‍ക്കോട് മുതല്‍ തലശ്ശേരി വരെയുള്ള നാല് പോര്‍ട്ടുകളുടെ റിജ്യണല്‍ ഓഫീസായി അഴീക്കോട് പോര്‍ട്ടിനെ ഉയര്‍ത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ മാരിടൈം ബോര്‍ഡ് കൈക്കൊണ്ട തീരുമാനം നടപ്പാവാത്തത് തുറമുഖ വികസനത്തിന് വിലങ്ങു തടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് ആവശ്യങ്ങള്‍ക്കും അനുകൂല മറുപടിയാണ് തുറമുഖ വകുപ്പ് മന്ത്രി നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *