ബംഗ്ലാംകുന്ന് ഓവുങ്ങല്‍ ബൈപ്പാസ്: സ്ഥലമേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

ബംഗ്ലാംകുന്ന് ഓവുങ്ങല്‍ ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഇതിനായി ലാന്റ് റവന്യൂ തഹസില്‍ദാറെ ചുമതലപ്പെടുത്തും. തലക്കടത്തൂര്‍ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ സാധ്യതകള്‍ തേടുമെന്നും കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

താനാളൂര്‍ – പുത്തനത്താണി റോഡ് സര്‍വ്വെ പൂര്‍ത്തിയായതിനാല്‍ റോഡ് വികസനത്തിന് ഭൂമി എത്രയും വേഗം ഏറ്റെടുക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. താനാളൂര്‍ -വട്ടത്താണി, വൈലത്തൂര്‍- വളാഞ്ചേരി റോഡ് വികസനം, പൊന്മുണ്ടം ബൈപ്പാസ് പൂര്‍ത്തീകരണം എന്നീ പ്രധാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പരിഗണനയിലുള്ള താനാളൂര്‍ ബൈപ്പാസ് പദ്ധതിയുടെ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂര്‍ അഞ്ചുടിയില്‍ പുതിയ പാലം പണിയുന്നതിന് തടസ്സങ്ങള്‍ നീക്കുമെന്നും അലൈന്‍മെന്റ് ഉടന്‍ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശ ഹൈവേ പ്രവൃത്തിയും മന്ത്രി വിലയിരുത്തി. കിഫ്ബി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏകോപനം ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.

തിരൂര്‍ സബ് കലക്ടര്‍ സൂരജ് ഷാജി ഐഎഎസ്, പൊതു മരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിശ്വപ്രകാശ്, പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രാമകൃഷ്ണന്‍ , നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷ്റഫ് , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ഷാഫി. കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ മുഹമ്മദ് ഇസ്മായില്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ഇബ്രാഹിം, ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടിവി ബബിത, കിഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐപി സാദിഖലി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ലിയ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *