അഷ്ടമുടി വീണ്ടെടുക്കണം – മനുഷ്യാവകാശ കമ്മിഷന്‍

Spread the love

മേയറുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയെന്ന് കമ്മിഷന്‍

post

കൊല്ലം :അഷ്ടമുടിക്കായലിന്റെ ജൈവ-ഹരിത സമ്പത്ത് നിലനിറുത്തിയുള്ള സംരക്ഷണത്തിലൂടെ വീണ്ടെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. ആശ്രാമം അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ കമ്മിഷനംഗം വി. കെ. ബീനാകുമാരി  കായല്‍ സംരക്ഷണത്തിനായി മേയര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. കായലിലേക്ക് മാലിന്യ നിക്ഷേപം തടയുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. ശുചീകരണത്തിനായി ശുചിത്വ-ഹരിത കേരള മിഷനുകളുടെ സാധ്യമായ എല്ലാ പ്രവര്‍ത്തനവും വിനിയോഗിക്കും എന്നും അദ്ദേഹം അറിയിച്ചു.

കായലിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം ബോധവത്കരണം കൂടി നടത്തണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രി മാലിന്യം കായലില്‍ തള്ളുന്നത് സംബന്ധിച്ച ആശങ്ക പങ്കു വച്ചതിനൊപ്പം തടയുന്നതിന് കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ചൂണ്ടിക്കാട്ടി. ആവശ്യമായ ഘട്ടങ്ങളില്‍ പൊലിസിന്റെ സഹായം തേടാം. കായലിനായി സംരക്ഷണ അതോറിറ്റി രൂപീകരിക്കുക സുപ്രധാനമാണ്. കക്കൂസ് മാലിന്യം ഒഴുക്കുന്ന പ്രവണതയും അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. ഇതിനായി ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കോര്‍പറേഷന്‍ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി  പി. കെ. സജീവ് മറുപടി നല്‍കി. കുരീപ്പുഴയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം ഉടന്‍ നീക്കം ചെയ്യും. ജല അതോറിറ്റിക്ക് നിര്‍വഹണ ചുമതല നല്‍കി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

പൊലിസ് അഡി. എസ്. പി. ജോസി ചെറിയാന്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോണ്‍സ്ലെ, ഡി. എം. ഒ ഡോ. ആര്‍. ശ്രീലത, ജൈവ വൈവിദ്ധ്യ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. സി. ജോര്‍ജ്ജ് തോമസ്, തഹസില്‍ദാര്‍ എസ്. ശശിധരന്‍ പിള്ള, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *