വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാൻ മാർഗനിർദേശങ്ങൾ; വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല

കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാനാണ് വാക്‌സിനേഷനായി സംസ്ഥാനതല മാർഗനിർദേശങ്ങൾ ഇറക്കിയത്. വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ നടത്തുന്നത് കോവിൻ പോർട്ടലിലാണ്. ഇതിൽ തദ്ദേശ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താൽ എവിടെ നിന്നും വാക്‌സിൻ എടുക്കാൻ സാധിക്കും. അതിനാൽ ആ പ്രദേശത്തെ ജനങ്ങൾക്ക് വാക്‌സിനെടുക്കാൻ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. അതത് പ്രദേശത്തെ ജനങ്ങൾക്ക് കൂടി വാക്‌സിനേഷൻ ഉറപ്പാക്കാനും വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്കും വാക്‌സിനേഷൻ നൽകാനുമാണ് മാർഗനിർദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
                                       

വാക്‌സിൻ യജ്ഞത്തിന്റെ ഭാഗമായി 60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിൻ നൽകും. ഇവരെ വാർഡ് തിരിച്ച് കണ്ടെത്തിയാണ് വാക്‌സിനേഷൻ ഉറപ്പാക്കുന്നത്. ഈ യജ്ഞത്തിൽ ഓൺലൈനായും നേരിട്ടുമുള്ള രജിസ്‌ട്രേഷനിലൂടെ 50 ശതമാനം സ്ലോട്ട് വീതമാണ് അനുവദിക്കുന്നത്. വാക്‌സിന്റെ ലഭ്യത കുറവ് കാരണം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ സ്ലോട്ട് തെരഞ്ഞെടുക്കുമ്പോൾ അവരുടെ തദ്ദേശ സ്ഥാപനത്തിലുള്ള വാക്‌സിനേഷൻ കേന്ദ്രം തന്നെ തെരഞ്ഞെടുക്കണം. അതിലൂടെ ആ പ്രദേശത്തുള്ള ഈ വിഭാഗത്തിലുള്ള മുഴുവൻ ആളുകൾക്കും വാക്‌സിൻ ഉറപ്പാക്കാനാകും.
ഈ വിഭാഗങ്ങളുടെ വാക്‌സിനേഷന് ശേഷം വാക്‌സിന്റെ ലഭ്യതയനുസരിച്ച് മറ്റുള്ളവർക്കും നൽകും. ജില്ലാ കളക്ടർമാർ ആരോഗ്യ വകുപ്പുമായി ഏകോപിപ്പിച്ചാണ് ജില്ലയിലെ വാക്‌സിനേഷൻ പദ്ധതി തയ്യാറാക്കുന്നത്. കർശന വ്യവസ്ഥകളോടെയായിരിക്കും 50 ശതമാനമുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ സ്ലോട്ടുകളിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 60 വയസിന് മുകളിൽ പ്രായമുള്ള രണ്ടാം ഡോസ് എടുക്കേണ്ടവർ, 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടെയും രണ്ടാം ഡോസ്, 18നും 60നും ഇടയിക്ക് പ്രായമായ അനുബന്ധ രോഗമുള്ളവർക്ക് ആദ്യ ഡോസും രണ്ടാം ഡോസും, 18 വയസിന് മുകളിൽ പ്രായമുള്ള സർക്കാർ നിശ്ചയിച്ച മുൻഗണനാ ഗ്രൂപ്പിലുള്ളവർ, 18നും 44നും ഇടയ്ക്ക് പ്രായമുള്ളവർ അവരോഹണ ക്രമത്തിൽ എന്നിങ്ങനെ വാർഡ് തലത്തിൽ പട്ടിക തയ്യാറാക്കിയായിരിക്കും വാക്‌സിൻ നൽകുക.
കിടപ്പ് രോഗികൾക്ക് മൊബൈൽ യൂണിറ്റുകളിലൂടെയും രജിസ്‌ട്രേഷൻ ചെയ്യാനറിയാത്തവർക്ക് ആശാവർക്കർമാരുടെ സഹായത്തോടെ വേവ് വഴിയും വാക്‌സിനേഷൻ ഉറപ്പിക്കും.
സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *