അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

മിനിസോട്ട: അഞ്ചു വയസ്സുകാരന്റെ കൈയിൽ‍ ലഭിച്ച തോക്കിൽ നിന്നു ചീറിപ്പാഞ്ഞുവന്ന വെടിയുണ്ട മൂന്നു വയസ്സുകാരിയുടെ ജീവനെടുത്തു. യുഎസിലെ മിനിസോട്ടയിൽ വീട്ടിനുള്ളിൽ വച്ചാണു സംഭവം. വിവരം അറി‍​ഞ്ഞെത്തിയ പാരാമെഡിക്കൽസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺകുട്ടിക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

വിഡിയോ കണ്ടുകൊണ്ടിരിക്കെ 30 വയസ്സുള്ള അമ്മ സ്വന്തം വീട്ടിൽ വച്ചു കുട്ടിയുടെ വെടിയേറ്റു മരിച്ച സംഭവം യുഎസിൽ രണ്ടു ദിവസം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം തന്നെ കുട്ടികൾ ഉൾപ്പെട്ട 239 വെടിവയ്പ്പുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 94 പേർക്കു ജീവൻ നഷ്ടപ്പെടുകയും 157 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി നോൺ പ്രോഫിറ്റ് അഡ്വക്കേറ്റിങ് ഗൺ കൺട്രോൾ സംഘടന അറിയിച്ചു.

പല കേസുകളിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് ഉണ്ടകളുള്ള തോക്ക് കുട്ടികളുടെ കൈയിൽ കിട്ടാൻ കാരണമെന്നും  ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതാണെന്നും തോക്കുകൾ സുരക്ഷിതമായി വയ്ക്കണമെന്നും അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുളളതാണ്.

Leave a Reply

Your email address will not be published. Required fields are marked *