ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് സംസ്ഥാനത്ത് റീസര്‍വേ നടപടി പൂര്‍ത്തിയാക്കും: റവന്യു മന്ത്രി

K Rajan

തിരുവനന്തപുരം: ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് നാലു വര്‍ഷത്തില്‍ സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നതിനായി 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാലു ഘട്ടങ്ങളായാവും ഡിജിറ്റല്‍ റീസര്‍വേ നടത്തുക. ആദ്യ ഘട്ടത്തില്‍ 400 വില്ലേജുകളില്‍ റീസര്‍വേ നടത്തുന്നതിന് 339.438 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിന് 156.173 കോടി രൂപയും മൂന്നാം ഘട്ടത്തിന് 156.189 കോടി രൂപയും നാലാം ഘട്ടത്തില്‍ 156.186 കോടി രൂപയുടെയും ഭരണാനുമതി നല്‍കി.

കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍ (കോര്‍സ്), റിയല്‍ ടൈം കൈന്‍മാറ്റിക് (ആര്‍. ടി. കെ), ഡ്രോണ്‍, ലിഡാര്‍, ഇ. ടി. എസ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഭൂമിയുടെ പ്രത്യേകതയ്ക്കനുസരിച്ച് ഇതിനായി ഉപയോഗിക്കും. ഒരു വില്ലേജില്‍ കോര്‍സ് സംവിധാനം ഉപയോഗിച്ച് അഞ്ചര മാസം കൊണ്ട് റീസര്‍വേ നടപടി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

കോര്‍സ്, ഡ്രോണ്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു സര്‍വയറുടെയും ഒരു ഹെല്‍പറുടേയും സേവനം മതിയെന്ന പ്രത്യേകതയുമുണ്ട്. ഒരു ടീമിന് നാലു ഹെക്ടര്‍ വരെ സ്ഥലം കോര്‍സ് സംവിധാനം ഉപയോഗിച്ച് ഒരേ സമയം സര്‍വേ ചെയ്യാനാവും.

87 വില്ലേജുകളില്‍ നേരത്തെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവകാശ രേഖ ലഭ്യമാക്കല്‍, ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഏകീകൃതമായ അവകാശ രേഖ, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഭൂമിയുമായി ബന്ധപ്പെട്ട് കാലയങ്ങളായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ തീര്‍പ്പാക്കല്‍, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയുള്ള നേട്ടം ഇതിലൂടെ ജനങ്ങള്‍ക്കുണ്ടാകും. ജിയോ കോഓര്‍ഡിനേറ്റ് അടിസ്ഥാനമാക്കിയുള്ള മാപ്പിന്റെ സഹായത്താല്‍ ദുരന്തനിവാരണവും അതിജീവനക്ഷമതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനും പദ്ധതികൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *