അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ സാന്നിധ്യത്തില്‍, ഡോ. ടി.കെ. ആനന്ദി കൈമാറി. ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ലിംഗ വ്യത്യാസമില്ലാതെയുള്ള അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്. അങ്കണവാടി തീം ചാര്‍ട്ട്, അങ്കണപ്പൂമഴ എന്ന കുട്ടികളുടെ പ്രവര്‍ത്തന പുസ്തകം, അധ്യാപക സഹായിയായ അങ്കണത്തൈമാവ് എന്നിവ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലിംഗനീതി, തുല്യത എന്നിവ പരിഗണിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പഠനാനുഭവം നല്‍കാനുള്ള ശിപാര്‍ശകളാണ് കമ്മിറ്റി നല്‍കിയത്. ഈ പഠന സാമഗ്രികളില്‍ ചിത്രീകരണം, കവിതകള്‍, കഥകള്‍ എന്നീ മേഖലകളില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്‍കി.

ഡോ. ടി.കെ. ആനന്ദി ചെയര്‍പേഴ്‌സണും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫസര്‍ ഡോ. വി.ടി. ഉഷ, കില ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. അമൃത് രാജ്, കാസര്‍ഗോഡ് ചെറിയകര ഗവ. എല്‍.പി.എസ്. അധ്യാപകന്‍ മഹേഷ് കുമാര്‍, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *