സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കും: മന്ത്രി വി ശിവൻകുട്ടി*

സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരളം) കേരളത്തിലെ കാഴ്ച കേൾവി ബുദ്ധിപരിമിതരായ വിദ്യാർഥികൾക്കുവേണ്ടി എല്ലാ വിഷയങ്ങളുടേയും അനുരൂപീകൃത വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്യുന്ന ജ്യോതിർമയി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓൺലൈൻ ക്ലാസുകളിൽ ഭിന്നശേഷി കുട്ടികൾക്കും മുന്തിയ പരിഗണന നൽകും എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമാറാണ് ജ്യോതിർമയിയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കേണ്ട രീതി, പഠനത്തിൽ സഹായിക്കുന്നതിന് ഉപയോഗിക്കേണ്ട സാമഗ്രികൾ, അവ നിർമിക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കുന്ന രീതിയിൽ രക്ഷിതാക്കൾക്കും ഈ യുട്യൂബ് ചാനലിലൂടെ ഓറിയന്റേഷൻ നൽകുന്നതാണ്. ബെയിൽ, ഓറിയന്റേഷൻ & മൊബിലിറ്റി, നിത്യജീവിത നൈപുണികൾ തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സഹായിക്കുന്ന മാർഗനിർദേശങ്ങളും ഇതിൽ ലഭ്യമാക്കും. സംസ്ഥാനത്തെ സവിശേഷ വിദ്യാലയങ്ങളിലെ പരിശീലനം ലഭിച്ച അധ്യാപകരുടെ വിഭവശേഷി ഉപയോഗപ്പെടുത്തി തയാറാക്കുന്ന വീഡിയോകൾ ആയതിനാൽ ഏറ്റവും മികച്ച പഠന വിഭവങ്ങൾ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് ഇതുവഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
“ജ്യോതിർമയി” സിഗ്നേച്ചർ വീഡിയോയുടെ പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ.എ.എസ്. നിർവഹിച്ചു. ജ്യോതിർമയിയുടെ ലോഗോ പ്രകാശനം സമഗശിക്ഷാ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ നിർവഹിച്ചു. യോഗത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ട് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി എസ്.സി.ഇ.ആർ.ടി. നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഡയറക്ടർ ഡോ.ജെ. പ്രസാദ് വിശദീകരിച്ചു. സീമാറ്റ് ഡയറക്ടർ ഡോ. എം.എ.ലാൽ, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ. പി.പ്രമോദ്, കരിക്കുലം വിഭാഗം മേധാവി ശ്രീമതി. ചിത്രാമാധവൻ എന്നിവർ സംസാരിച്ചു. റിസർച്ച് ഓഫീസർ ശ്രീമതി. അഞ്ജന വി.ആർ. ചന്ദ്രൻ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *