നിര്‍ദ്ധന കുടുംബത്തിന് റേഷന്‍ കാര്‍ഡുമായി ഭക്ഷ്യ മന്ത്രി വീട്ടിലെത്തി

തിരുവനന്തപുരം : ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറില്‍ ജയ. എസ് എന്ന വീട്ടമ്മയുടെ ദയനീയ അവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അടിയന്തര ഇടപെടല്‍. അവധി ദിനമായിട്ടുപോലും കുടുംബത്തിന് മണിക്കൂറുകള്‍ക്കകം റേഷന്‍ കാര്‍ഡ് ശരിയാക്കി നേരിട്ട് എത്തി നല്‍കി. പറക്ക മുറ്റാത്ത നാലു കുട്ടികളുമായി വാടക വീട്ടില്‍ കഴിയുകയായിരുന്നു ജയ. ആധാര്‍ കാര്‍ഡുള്ള, മറ്റൊരു റേഷന്‍ കാര്‍ഡിലും പേരില്ലാത്ത എല്ലാവര്‍ക്കും ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്തുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വാടക വീട്ടില്‍ കഴിയുന്നവര്‍ക്കും വാടക ചീട്ട് ഇല്ലെങ്കിലും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയുമായി റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സംവിധാനമാണ് ഭക്ഷ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സ്ഥലം എം.എല്‍.എയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ വി.ശിവന്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ജയയുടെ കുട്ടികളുടെ പഠനാവശ്യത്തിനായി ഭക്ഷ്യ മന്ത്രി ഒരു സ്മാര്‍ട്ട് ഫോണ്‍ നല്‍കി. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാഹരിച്ചു നല്‍കിയ ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും മന്ത്രിമാര്‍ കുടുംബത്തിന് കൈമാറി.

Leave Comment