ബസ് സ്റ്റാന്‍ഡില്‍ മദ്യം കൊണ്ടുവരാനുള്ള നീക്കത്തെ ചെറുത്തു തോല്പിക്കും: കെസിബിസി മദ്യവിരുദ്ധ സമിതി

vPicture

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനുകളില്‍ മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമാണെന്നും എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റും അലയന്‍സ് ഓഫ് ടെംപറന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രസാദ് കുരുവിള.

ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ എന്ന് തോന്നി പ്പോകും. മദ്യം വാങ്ങാനെത്തുന്ന മദ്യാസക്തര്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ എത്തിച്ചേരുന്ന ബസ് സ്‌റ്റേഷനുകളില്‍ പ്രവചിക്കാനാവാത്ത ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

പ്രശ്‌നസാധ്യതാ മേഖലയായി മാറുമ്പോള്‍ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ ഉപേക്ഷിക്കും. ശുചിമുറികളും കംഫര്‍ട്ട് സ്‌റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുവാനോ സ്ഥാപിക്കുവാനോ സാധിക്കാത്ത കെ.എസ്.ആര്‍.ടി സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണോയെന്ന് മദ്യവിരുദ്ധ സമിതി ചോദ്യമുയര്‍ത്തി.

ഇങ്ങനെപോയാല്‍ ജില്ലാശുപ്രതികളോടും മെഡിക്കല്‍ കോളേജുകളോടുമൊപ്പവും കലക്ട്രേറ്റുകളോടുമൊപ്പവും ഈ സര്‍ക്കാര്‍ ബ്രാണ്ടിക്കടകള്‍ തുടങ്ങുന്ന സാഹചര്യം ഉണ്ടാകും. ബസ് സ്‌റ്റേഷനുകളില്‍ മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രിയുടെ ദിവാസ്വപ്നം മാത്രമാണ്.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ബുദ്ധിശൂന്യമായ പ്രഖ്യാപനങ്ങ ളുമായി രംഗത്തിറങ്ങുന്ന ഗതാഗതമന്ത്രിയെ വകുപ്പുമന്ത്രിമാരുടെ മേല്‍ കര്‍ക്കശ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന മുഖ്യമന്ത്രി താക്കീതു നല്കണമെന്നും കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

Leave Comment