സാധാരണക്കാര്‍ക്കായി സേവനമനുഷ്ഠിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ‘രണ്ടാമൂഴം’

ഏറ്റെടുത്ത ദൗത്യങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്ഥാനമൊഴിയുന്നു. രണ്ടു വര്‍ഷത്തിലധികം ജില്ലയുടെ ഭരണസാരഥിയായിരുന്ന് ജനമനസ്സുകളില്‍ ഇടം നേടിയാണ് മടക്കം. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഫലവത്തായ ഇടപെടലുകള്‍ നടത്തിയ കലക്ടര്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായി തന്നെ നിയമിതനായത് പ്രതീക്ഷ പകരുന്ന യാദൃശ്ചികതയുമായി.
ജില്ലയുടെ സമസ്ത മേഖലകളേയും സുരക്ഷിതമാക്കുന്നതിനായി കൊണ്ടുവന്ന ‘സേഫ് കൊല്ലം’ പദ്ധതി ഏറെ മാറ്റങ്ങള്‍ക്കിടയാക്കി. യുവജനങ്ങളുടെ പങ്കാളിത്തം വികസന പ്രവര്‍ത്തനങ്ങളിലും അടിയന്തരഘട്ടങ്ങളിലും പ്രയോജനപ്പെടുത്താന്‍ സ്ഥാനമൊഴിയുന്നതിന് മുമ്പായി ഏര്‍പ്പെടുത്തുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വലിയ പ്രതീക്ഷയാണ് പകരുന്നത്.
വെല്ലുവിളികളുടെ സേവനകാലമാണ് പിന്നിട്ടത്. കോവിഡ് മഹാമാരി തന്നെയാണ് അവയില്‍ സുപ്രധാനം. ചുമതലയേല്‍ക്കുന്നതിന് പിന്നാലെ എത്തിയ വെള്ളപ്പൊക്കമായിരുന്നു ആദ്യ പ്രതിസന്ധി. സര്‍ക്കാരിന്റെ ഇടപെടലിന് ചിട്ടയായ പ്രവര്‍ത്തനത്തിന്റെ പിന്തുണ നല്‍കിയാണ് ദുരിതകാലം തരണം ചെയ്തത്. ഇനിയും വിട്ടു പോകാത്ത കോവിഡ് വ്യാപനത്തെ ഒരു പരിധി വരെ പിടിച്ചു നിറുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കൊല്ലം ബൈപാസ് അപകടരഹിത മേഖലയാക്കുന്നതിന് മുന്‍കൈയെടുത്തു. സാധാരണക്കാര്‍ക്ക് കുടിവെള്ളം, റവന്യു വകുപ്പിന്റെ വിവിധ ഓഫീസുകളുടെ നവീകരണം, സന്നദ്ധസേവന തത്പരരായവരുടെ സംഘാടനം തുടങ്ങി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയ മേഖലകളുടെ നിര്‍വഹണത്തില്‍ ഏറെ മുന്നോട്ട് പോകാനായി. ഓഫീസുകളുടെ ഡിജിറ്റൈലൈസേഷനും സമാന പിന്തുണയാണ് നല്‍കിയത്.
ലൈഫ് പദ്ധതിയുടെ നടത്തിപ്പിലും ദേശീയപാത സ്ഥലമെടുപ്പ്, നഷ്ടപരിഹാര വിതരണം എന്നിവയിലും സമയക്ലിപ്തത ഉറപ്പാക്കാനുമായി. പരാതി പരിഹാരത്തിലും 90 ശതമാനത്തിന് മുകളിലാണ് നേട്ടം. സമൂഹമാധ്യമങ്ങളില്‍ പ്രിയങ്കരാനാകാനും കഴിഞ്ഞു. അടുത്തിടെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലെ യുവതിയെ മകളായി വിശേഷിപ്പിച്ച് വിവാഹത്തിന് കാര്‍മികത്വം വഹിച്ച കലക്ടറുടെ ഫെയ്‌സ്ബുക്ക്‌പോസ്റ്റ് വൈറലായി മാറി. ‘ഓണത്തുടി’ എന്ന ഓണ്‍ലൈന്‍ ഓണാഘോഷത്തിന്റെ സംഘാടനത്തിലുടെയും സോഷ്യല്‍ മീഡിയ താരമായി. ജനങ്ങള്‍ക്കൊപ്പം നിന്ന നാളുകളുടെ മധുരമുള്ള ഓര്‍മകളുമായി ജില്ലാ കലക്ടര്‍ മടങ്ങുകയാണ്, തൊഴിലുറപ്പിന് കരുത്തേകാന്‍.

Leave Comment