നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിപ കണ്‍ട്രോള്‍റൂം സജ്ജമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സെപ്റ്റംബര്‍ അഞ്ച് മുതലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായത്. എന്‍ക്വയറി കൗണ്ടര്‍, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍, മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ ഇപ്പോള്‍ മൂന്ന് കൗണ്ടറുകളുള്‍പ്പെടെയാണ് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ക്വയറി കൗണ്ടര്‍

24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് എന്‍ക്വയറി കൗണ്ടര്‍. നാല് സ്റ്റാഫ് മൂന്ന് ഷിഫ്റ്റുകളിലായാണ് സേവനമനുഷ്ഠിക്കുന്നത്. 0495 2382500, 501, 800, 801 എന്നീ നമ്പരുകളിലൂടെ സംശയ നിവാരണത്തിന് ബന്ധപ്പെടാവുന്നതാണ്.

കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍

ഇതുവരെ കണ്ടെത്തിയ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരുടേയും കൗണ്ടറില്‍ നിന്ന് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ആരോഗ്യ സ്ഥിതിയും റെക്കോര്‍ഡ് ചെയ്യുന്നു. രാവിലെ ഒന്‍പത് മുതല്‍ ആറ് വരെയാണ് പ്രവര്‍ത്തന സമയം. 8 വോളന്റിയര്‍മാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം

മെഡിക്കല്‍ കോളേജില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ വിശദാംശങ്ങളാണ് രേഖപ്പെടുത്തുന്നത്. നാലുപേരടങ്ങുന്നതാണ് ഈ ടീം.

Leave a Reply

Your email address will not be published. Required fields are marked *