ആഗോള കത്തോലിക്കാസഭയുടെ അവസാന വാക്ക് മാര്‍പാപ്പായുടേത് : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Malayalam Daily news

ന്യൂഡല്‍ഹി: ആഗോള കത്തോലിക്കാസഭയുടെ അവസാന വാക്ക് മാര്‍പാപ്പായുടേതാണെന്നും കത്തോലിക്കാ വിശ്വാസ സംബന്ധിത വിഷയങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും പാലിക്കാനും സഭാപിതാക്കന്മാര്‍ക്കും വൈദികര്‍ക്കും അല്മായ വിശ്വാസിസമൂഹത്തിനും കടമയും ഉത്തരവാദിത്വവുമുണ്ടെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ആഗോള കത്തോലിക്കാസഭയുടെ ഭരണസംവിധാനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ പതിപ്പുകളായി തുലനം ചെയ്യാന്‍ ശ്രമിക്കുന്നത് ഭോഷത്തമാണ്. സഭയുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനരീതികളും ദൈവശാസ്ത്ര പഠനങ്ങളും സമീപനങ്ങളും ഇതര മതവിഭാഗങ്ങളില്‍ നിന്നുപോലും ഏറെ വ്യത്യസ്തമാണ്. അനുസരണവും അനുരഞ്ജനവും അച്ചടക്കവും സഭാസംവിധാനത്തിന്റെ മുഖമുദ്രയായി നിലനില്‍ക്കുന്നു. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പങ്കുവയ്ക്കല്‍ ശുശ്രൂഷകളുടെയും മകുടോദാഹരണമായ കത്തോലിക്കാസഭ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ചരിത്രമാണുള്ളതെന്ന് ആരും വിസ്മരിക്കരുത്.

ക്രൈസ്തവ സഭകള്‍ക്കുള്ളിലും വിവിധ സഭാവിഭാഗങ്ങള്‍ തമ്മിലും കൂടുതല്‍ ഐക്യവും പരസ്പര സ്‌നേഹവും ധാരണകളും ഊട്ടിയുറപ്പിക്കേണ്ട കാലഘട്ടമാണിത്. ആഗോള ഭീകരപ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും ക്രൈസ്തവര്‍ക്കുനേരെ തുടരുന്ന അക്രമങ്ങളും വെല്ലുവിളികളും ആക്ഷേപങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ശക്തിപ്പെട്ടുവരുന്നത് നിസ്സാരവല്‍ക്കരിക്കരുത്. സഭാസംവിധാനങ്ങളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും നുഴഞ്ഞു കയറാന്‍ ഇക്കൂട്ടര്‍ പഴുതുകള്‍ തേടുമ്പോള്‍ ഇവരുടെ ഉപകരണങ്ങളായി വിശ്വാസികള്‍ അധഃപതിക്കരുത്. സഭയ്ക്കുള്ളിലും സഭാവേദികളിലും പങ്കുവയ്‌ക്കേണ്ട ആഭ്യന്തരവിഷയങ്ങള്‍ പൊതുവേദികളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

സഭാപിതാക്കന്മാര്‍ ആഹ്വാനം ചെയ്യുന്ന ഒരുമയും ഐക്യവും ഐക്യരൂപവും സഭാസംവിധാനങ്ങളുടെ കെട്ടുറപ്പിനായി നടപ്പിലാക്കുവാന്‍ വൈദികരും അല്മായരുമുള്‍ക്കൊള്ളുന്ന വിശ്വാസിസമൂഹം പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തനനിരതരാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി

Leave a Reply

Your email address will not be published. Required fields are marked *