ബോൾട്ടൺ സെന്റ്. ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാൾ സെപ്റ്റംബർ 10, 11, 12 (വെള്ളി, ശനി, ഞായർ) തീയതികളിൽ …..

Spread the love
ബോൾട്ടൺ സെന്റ്. ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാളിന്  കൊടിയേറി.  ബോൾട്ടൺ, റോച്ച്ഡെയിൽ, ബറി തുടങ്ങിയ സ്ഥലങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് വേണ്ടി രൂപീകൃതമായിരിക്കുന്ന സെന്റ്. ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാൾ സെപ്റ്റംബർ 10, 11, 12 ( വെള്ളി, ശനി, ഞായർ) തീയതികളിൽ, ബോൾട്ടണിലെ ഔവ്വർ ലേഡി ഓഫ് ലൂർദ്ദ് ദേവാലയത്തിൽ ഭക്‌ത്യാദരപൂർവ്വം കൊണ്ടാടുന്നു.
സെപ്റ്റംബർ 10 വെള്ളി വൈകുന്നേരം 6.20 ന് മിഷൻ ഡയറക്ടർ റവ. ഫാ. ഡാനി മൊളോപറമ്പിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി കൊടിയേറ്റുകയും  പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പള്ളിയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. 6.30 ന് ആഘോഷമായ ദിവ്യബലിയും അതിനെ തുടർന്ന് ലദീഞ്ഞും പ്രസുദേന്തി വാഴ്ചയും നടന്നു.
തിരുന്നാൾ രണ്ടാം ദിവസമായ ഇന്ന് സെപ്റ്റംബർ 11 ശനി വൈകുന്നേരം 6.30 ന് ഫാ. ഡേവിഡ്‌ ചിനെറിയുടെ (വികാരി, ഔവ്വർ ലേഡി ഓഫ് ലൂർദ്ദ് ചർച്ച്, ബോൾട്ടൺ) മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി (ഇംഗ്ളീഷ് ) അർപ്പിക്കുന്നതാണ്.
പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 12 ഞായർ രാവിലെ 11 ന് ആഘോഷമായ ദിവ്യബലി, തുടർന്ന് വചന സന്ദേശം. റവ. ഡോ. ജോൺ പുളിന്താനത്ത് (ഡയറക്ടർ, വി. എവുപ്രാസ്യ മിഷൻ, സാൽഫോർഡ്) തിരുക്കർമ്മങ്ങൾക്ക് കാർമ്മികനായിരിക്കും. ആഘോഷമായ ദിവ്യബലിയെ തുടർന്ന് ലദീഞ്ഞ്, പരിശുദ്ധ ജനനിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ദേവാലയത്തിൽ കഴുന്ന്, മുടി എന്നീ നേർച്ചകൾ സമർപ്പിക്കുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുനതാണ്. തുടർന്ന് സ്നേഹവിരുന്നോട് കൂടി തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.
പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാൾ വിശ്വാസികൾക്കേവർക്കും  അനുഗ്രഹദായകമായി തീർക്കുവാനുള്ള ഒരുക്കങ്ങളിലാണ് കൈക്കാരൻമാരായ ഷോജി തോമസ്, ഷാജി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും.
തിരുന്നാളിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി റവ. ഫാ. ഡാനി മൊളോപറമ്പിൽ അറിയിച്ചു.
കുര്യൻ ജോർജ്ജ്

Author

Leave a Reply

Your email address will not be published. Required fields are marked *