ന്യൂനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ചു വര്‍ഷമായി ഏറ്റവും മികച്ച രീതിയില്‍: മുഖ്യമന്ത്രി

ന്യൂനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ചു വര്‍ഷമായി ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നവീകരിച്ച ഓഫീസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്. 2008-ലാണ് പൊതുഭരണ വകുപ്പിന്റെ ഭാഗമായി പ്രത്യേകം ന്യൂനപക്ഷ സെല്‍ രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്കായുള്ള ഇമ്പിച്ചിബാവ ഭവനപദ്ധതിയിലെ തുക ലൈഫ് മിഷന്റേതിനു സമാനമായി നാലു ലക്ഷമായി വര്‍ധിപ്പിച്ചു.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നതിക്കായി പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള മിടുക്കരായ കുട്ടികള്‍ക്ക് ജോസഫ് മുണ്ടശ്ശേരിയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. അതോടൊപ്പം തന്നെ സാങ്കേതിക മേഖലയില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്കായി എ പി ജെ അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. സാങ്കേതിക മേഖലയില്‍ പഠനം നടത്താന്‍ എന്റോള്‍ ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്‌കോളര്‍ഷിപ്പ് മുപ്പതു ശതമാനം പെണ്‍കുട്ടികള്‍ക്കുവേണ്ടി നീക്കിവച്ചിട്ടുണ്ട്. നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമം മുന്‍നിര്‍ത്തി പുതിയ മൂന്ന് പദ്ധതികള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യു.ജി.സി, സി.എസ്.ഐ.ആര്‍, നെറ്റ് കോച്ചിംഗ് നല്‍കുകയും വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപാ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യും. സി.സി.എം.വൈ പൊന്നാനി കോച്ചിംഗ് സെന്ററിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ജനസംഖ്യാടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിനായി ബജറ്റ് വിഹിതത്തിന് പുറമെ 6.2 കോടി രൂപ അധികമായി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. വി കെ പ്രശാന്ത് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ,
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മ ഫൈസി, മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം പി അബ്ദുള്‍ ഗഫൂര്‍, എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം അബ്ദുല്ലകോയ മദനി, പ്രൊഫ പി.ഒ.ജെ ലബ്ബ, ഡോ. ഹുസൈന്‍ മടവൂര്‍, എന്‍ ഹരിദാസ് ബോദ്, ഫാദര്‍ മാത്യൂസ് വാഴക്കുന്നന്‍, ഫാദര്‍ ജോര്‍ജ് ചരുവിള കോറെപ്പിസ്‌കോപ്പ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *