എപ്പോഴും പ്രാപ്യന്‍, വലിയ നഷ്ടംഃ കെ. സുധാകരന്‍ എംപി

വ്യക്തിപരമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. നിസ്തുലമായ സേവനംകൊണ്ട് ഹൃദയത്തില്‍ ഇടംനേടിയ അപൂര്‍വം നേതാക്കളിലൊരാള്‍. ആര്‍ക്കും എപ്പോഴും പ്രാപ്യനായ വ്യക്തി. ഏതു സമയത്തു ചെന്നാലും കേള്‍ക്കാനും അതു പരിഹരിക്കാനും തയാറുള്ള വലിയ മനസിന്റെ ഉടമ. അദ്ദേഹത്തിന്റെ ഓഫീസ് അര്‍ധരാത്രിയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവേണ്ടി തുറന്നുവച്ചു. പാതിരായ്ക്കുപോലും അദ്ദേഹവുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ച നിരവധി സംഭവങ്ങള്‍ എന്റെ മനസില്‍ ഇളകിമറിയുന്നു.

അദ്ദേഹത്തിന്റെ നന്മയുടെ നൂലിഴകള്‍ നെയ്‌തെടുത്ത് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. ഇത്രയും സത്യസന്ധതയും എളിമയും കര്‍മശേഷിയുമുള്ള നേതാക്കള്‍ നഷ്ടപ്പെടുമ്പോഴാണ് ആ പാര്‍ട്ടിയുടെ വലിപ്പത്തെക്കുറിച്ച് നാം ആലോചിക്കുന്നത്.

ഓസ്‌കര്‍ ഫെര്‍ണാണ്ടസിന് പകരക്കാരനില്ലെന്നു പറയുമ്പോള്‍ അത് ആലങ്കാരികമാണെന്നു തോന്നാം. എന്നാല്‍ അദ്ദേഹത്തിന് പകരക്കാരനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. എന്നാല്‍, അദ്ദേഹത്തിന്റെ ഓര്‍മകള്‍ നമുക്ക് എന്നും ആവേശം പകരും.

സന്തപ്ത കുടുംബാഗങ്ങളെ എന്റെ അനുശോചനം അറിയിക്കുന്നു. പാര്‍ട്ടിക്കേറ്റ കനത്ത നഷ്ടത്തില്‍ എന്റെ ഹൃദയംഗമായ വേദന രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു. ആത്മശാന്തിക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *