പണി പൂര്‍ത്തിയാകാത്ത ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം : വി.ഡി സതീശന്‍

തിരുവനന്തപുരം: പണി പൂര്‍ത്തിയാക്കാത്ത കഴക്കൂട്ടം – കാരോട് ദേശീയപാതാ ബൈപ്പാസിലെ അന്യായമായ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുടെ മറ്റൊരു പ്രത്യക്ഷ ഉദാഹരണമാണ് തിരുവല്ലത്തെ അനധികൃത ടോള്‍ പിരിവ്. കടലും കരയും ആകാശവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ മേല്‍ നടത്തുന്ന ചൂഷണം തടസ്സമില്ലാതെ തുടരുകയാണന്ന് വി.ഡി സതീശന്‍ ആരോപിച്ചു.

കഴക്കൂട്ടം – കാരോട് ദേശീയപാതാ ബൈപ്പാസ് തിരുവല്ലം ടോള്‍ പ്ലാസയിലെ അനധികൃത പിരിവിനെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ മുപ്പതാം ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേന്ദ്ര സര്‍ക്കാര്‍ ദിവസേന ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകാതെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ ബൈപ്പാസ് ഉപയോഗയോഗ്യമാക്കാതെയും ടോള്‍ പിരിവ് നടത്താന്‍ സര്‍ക്കാരിനോ നാഷണല്‍ ഹൈവെ അതോറിട്ടിക്കോ അധികാരമില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് കുടപിടിക്കുകയാണ്. പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധനവിന്റെ വിഹിതം മടിയില്ലാതെ ഏറ്റുവാങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍
അതേ നിലപാട് തന്നെയാണ് ടോള്‍ പിരിവ് വിഷയത്തിലും തുടരുന്നത്. സംസ്ഥാനത്തെ ഇതര ടോള്‍ പ്ലാസകള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ടോള്‍ സൗജന്യമാക്കുകയോ നിരക്ക് കുറയ്ക്കുകയോ ചെയ്യുമ്പോള്‍ തിരുവല്ലത്തേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളെ ഹൈവെ അതോറിട്ടി വരിഞ്ഞു കെട്ടുകയാണെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ ഏടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ധര്‍ണാ സമരത്തില്‍
ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.വിന്‍സെന്റ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കല്‍ ജമാല്‍, സി.എം.പി ജില്ലാ സെക്രട്ടറി എം.ആര്‍ മനോജ്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂര്‍ പ്രസന്നകുമാര്‍, കേരള കോണ്‍ഗ്രസ്(ജേക്കബ്) ജില്ലാ പ്രസിഡന്റ് കരുമം സുന്ദരേശന്‍, കേരള കോണ്‍ഗ്രസ്(ജോസഫ്) ജില്ലാ പ്രസിഡന്റ് ആബേല്‍, ദേശീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് പാറച്ചിറ നവാസ്, കാരയ്ക്കാമണ്ഡപം രവി, കോണ്‍ഗ്രസ് നേതാക്കളായ സുബോധനന്‍, മുടവന്‍മുഗള്‍ രവി, ജി.വി. ഹരി, കോളിയൂര്‍ ദിവാകരന്‍ നായര്‍, കമ്പറ നാരായണന്‍, കെ.വി അഭിലാഷ്, പുഞ്ചക്കരി സുരേഷ് ഘടകകക്ഷി നേതാക്കളായ വിഴിഞ്ഞം റസാക്ക്, എം. പാള്‍ തുടങ്ങിയയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *