കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍


കാലിഫോര്‍ണിയ : രാജ്യം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസത്തിനെ കാലാവധി കഴിയുന്നതിന് മുന്‍പ് തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം തള്ളി വോട്ടര്‍മാര്‍ .

സെപ്തംബര്‍ 14 ന് ‘റികോള്‍’ വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വിജയാഘോഷം . ട്രംപിസത്തിനെതിരെ ആഞ്ഞടിച്ച ഗവര്‍ണറായിരുന്നു ന്യൂസം . കൊറോണ വൈറസിനെ നേരിടുന്നതിന് ട്രംപിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു . പാന്‍ഡമിക്കിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിട്ട സംസ്ഥാനമായിരുന്നു കാലിഫോര്‍ണിയ .

റിപ്ലബിക്കന്‍ പാര്‍ട്ടി വോട്ടര്‍മാര്‍ കൂട്ടം കൂട്ടമായി പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ഡെമോക്രാറ്റിക്ക് ക്യാംപുകളില്‍ ആശങ്ക പടര്‍ന്നിരുന്നു . എന്നാല്‍ അവസാന നിമിഷം ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ പോളിംഗ് ബൂത്തില്‍ എത്തിയതോടെ പോളിംഗിന്റെ ഗതി മാറി .

മിക്കവാറും ബാലറ്റുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ റീകോള്‍ ആവശ്യമില്ല എന്ന വോട്ടര്‍മാരുടെ മാര്‍ജിന്‍ 30 പോയിന്റ് വരെ ഉയര്‍ന്നിരുന്നു .

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കാലിഫോര്‍ണിയയില്‍ കഴിഞ്ഞ വര്‍ഷം നാല് യു.എസ് ഹൗസ് തിരഞ്ഞെടുപ്പില്‍ വിജയം വരിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതീക്ഷയും വര്‍ദ്ധിച്ചിരുന്നു .

അടുത്തവര്‍ഷം സംസ്ഥാന ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കാത്തിരിക്കെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രചരണം സഘടിപ്പിച്ചത്

Leave Comment