യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കാം; സമ്മാനം നേടാം

പത്തനംതിട്ട: പുത്തന്‍ ആശയങ്ങള്‍ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനാവുക.

കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. ഏത് മേഖലയിലുമുള്ള പുതിയതും വ്യത്യസ്തവുമായ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കാം. ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിക്കുന്ന എല്ലാ ആശയങ്ങള്‍ക്കും യഥാക്രമം 25000, 50,000 രൂപ സമ്മാനമായി ലഭിക്കും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്‍കും.

കൂടാതെ ഈ ആശയം യാഥാര്‍ഥ്യമാക്കി, ആശയത്തിന്റെ ഉടമയ്ക്ക് പേറ്റന്റ് ലഭിക്കുന്നത് വരെ തുടര്‍ച്ചയായ മെന്‍ഡറിംഗും മറ്റ് സഹായങ്ങളും കെ- ഡിസ്‌ക് ലഭ്യമാക്കും. ഒപ്പം ചലഞ്ചിന്റെ തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്ക് മികച്ച രീതിയില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വിവിധ തലത്തിലുള്ള പരിശീലനങ്ങളും ഒരുക്കും.

ഹൈസ്‌കൂള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പുതിയ വിവരങ്ങള്‍ കൂടി സമര്‍പ്പിച്ച് രജിസ്ട്രേഷന്‍ പുതുക്കണം. https://yip.kerala.gov.in/yipapp/index.php/Instreg_public_new/ ലിങ്കില്‍ കയറിയാല്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ yip.kerala.gov.in ലിങ്കില്‍ ലോഗിന്‍ ചെയ്ത് രജിസ്ട്രഷന്‍ പൂര്‍ണമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847895211, 9526980797.

Leave a Reply

Your email address will not be published. Required fields are marked *