എല്ലാവര്‍ക്കും പാര്‍പ്പിടം സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മന്ത്രി വി.എന്‍. വാസവന്‍

ലൈഫിലൂടെ 752 കുടുംബങ്ങള്‍ക്ക് സ്വന്തം വീട് 

post

കോട്ടയം: ജില്ലയില്‍ 752 കുടുംബങ്ങള്‍ ഇന്നലെ പുതുതായി നിര്‍മിച്ച സ്വന്തംവീടുകളില്‍ താമസം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതിയിലൂടെയാണ് ജില്ലയില്‍ 752 വീടുകള്‍ പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.

ഇതോടനുബന്ധിച്ച് അയ്മനം ഗ്രാമപഞ്ചായത്തില്‍ നടന്ന താക്കോല്‍ദാനം സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൊന്നാണ് ലൈഫ് പദ്ധതി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറു ദിവസം പിന്നിടുമ്പോള്‍ ലക്ഷ്യമിട്ടതിലുമധികം വീടുകള്‍ സംസ്ഥാനത്തു പൂര്‍ത്തീകരിക്കാനായെന്നും മന്ത്രി പറഞ്ഞു.  26 വീടുകളാണ് അയ്മനത്ത് പൂര്‍ത്തീകരിച്ചത്.

ഖര മാലിന്യ സംസ്‌കരണത്തില്‍ മികവു പുലര്‍ത്തിയ അയ്മനം പഞ്ചായത്തിന് മന്ത്രി നവകേരള പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷയായി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി ബിന്ദു, റോസമ്മ സോണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ. ഷാജിമോന്‍, കെ.വി രതീഷ്, പഞ്ചായത്തംഗങ്ങളായ വിജി രാജേഷ്, കെ.ആര്‍. ജഗദീശ്, കെ. ദേവകി, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, പഞ്ചായത്ത് സെക്രട്ടറി സോണി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

അതിരമ്പുഴയില്‍ പൂര്‍ത്തീകരിച്ച ഏഴു വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഹരിപ്രകാശ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് തോമസ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സ് വര്‍ഗ്ഗീസ്,  പഞ്ചായത്ത് സെക്രട്ടറി റ്റി. ബെന്നി, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാമ്പാടി ഗ്രാമ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 17 വീടുകളുടെ  താക്കോല്‍ ദാനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉമ്മന്‍ചാണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് ഹരികുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി സുജ മാത്യു എന്നിവര്‍ പങ്കെടുത്തു.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 9678 വീടുകള്‍ പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തില്‍ 1102 വീടുകളും രണ്ടാംഘട്ടത്തില്‍ 4222 വീടുകളും മൂന്നാംഘട്ടത്തില്‍ 775 വീടുകളും പൂര്‍ത്തീകരിച്ചു.

 

Leave Comment