തുറമുഖ ചരക്ക് നീക്കത്തിന് കേരളവും തമിഴ്നാടും സഹകരിക്കും

Spread the love

തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിൽ കേരളവും തമിഴ്നാടും തമ്മിൽ സഹകരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
ഇതു സംബന്ധിച്ച് തമിഴ്നാട് തുറമുഖ മന്ത്രി ഇ. വി വേലുവുമായി അദ്ദേഹം ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി.

കേരളം ചെറുകിട തുറമുഖങ്ങളെ വികസിപ്പിക്കുന്നതിനും ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരികയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ചരക്കുഗതാഗതം ഊർജിതപ്പെടുത്താനും തദ്ദേശ ജലപാതകൾ വഴിയുള്ള വ്യാപാരം വർധിപ്പിക്കാനും ഇരു സംസ്ഥാനങ്ങളും ധാരണയിൽ എത്തി.

തമിഴ്നാടും കേരളവുമായി ഏറ്റവും അടുപ്പമുള്ള മാലിദ്വീപ് ഏകദേശം 300 കോടി രൂപയുടെ ഇറക്കുമതി പ്രതിവർഷം നടത്തുന്നുണ്ട്. ഇതിൽ 10 ശതമാനത്തിൽ താഴെയാണ് ഇന്ത്യയുടെ പങ്ക്. ഇപ്പോൾ തൂത്തുക്കുടി, കൊച്ചി പോർട്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഷിപ്പിങ് കോർപ്പറേഷന്റെ 10 ദിവസം കൂടുമ്പോൾ നടത്തുന്ന ഒരു കപ്പൽ സർവീസ് മാത്രമാണുള്ളത്.

ഇത് വർദ്ധിപ്പിക്കുകയും കേരളത്തിലെയും തമിഴ്നാട്ടിലെയും തുറമുഖങ്ങളെ കൂടി ഉൾപ്പെടുത്തുകയും ചെയ്‌താൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ കഴിയുമെന്ന് തമിഴ്നാട് മന്ത്രിയെ അദ്ദേഹം അറിയിച്ചു. കൊല്ലം കോവളം കന്യാകുമാരി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഒരു ഫെറി സർവീസ് ആരംഭിക്കുന്നതും ചർച്ച ചെയ്തു.

ദേശീയ ഹരിത ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 200 മീറ്റർ ബഫർ സോൺ ഇല്ലാത്ത ക്വാറികൾ തുറക്കാൻ അനുവാദമില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ പുതിയ ക്വാറികൾ ആരംഭിക്കാൻ പ്രയാസമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്ക് ആവശ്യമായ പാറയുടെ ദൗർലഭ്യം പരിഹരിക്കാൻ തമിഴ്നാട് സർക്കാർ കരാർ കമ്പനിയെ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.

ഇപ്പോൾ കശുവണ്ടി ഇറക്കുമതി ചെയ്യുന്നത് തൂത്തുക്കുടി തുറമുഖത്തേക്കാണ്. തൂത്തുക്കുടിയിൽ നിന്നും ഇത് കടൽമാർഗ്ഗം കൊല്ലത്ത് എത്തിച്ചാൽ ഇരു തുറമുഖങ്ങളുടെയും വാണിജ്യം വർദ്ധിക്കുവാനും വിലയിൽ ഏറെ കുറവ് വരുത്തുവാനും കഴിയുമെന്നും മന്ത്രി ചർച്ചയിൽ അറിയിച്ചു.

കേരളത്തിൽ കൊല്ലം ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ കപ്പൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇത് തൊട്ടടുത്ത തുറമുഖങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ കഴിഞ്ഞാൽ ഇരു സംസ്ഥാനങ്ങളുടെയും ചരക്ക് ഗതാഗതത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുവാനും കേരളത്തിലേക്ക് കൂടുതൽ ചരക്ക് എത്തിക്കാനും കഴിയും. കേരളത്തിന് വേണ്ട എല്ലാ സഹായവും സഹകരണവും തമിഴ്നാട് മന്ത്രി ഉറപ്പു നൽകിയതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *