കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാകുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി ദൈനംദിന ആക്ടീവ് കേസുകള്‍ 1,78,363 ആണ്. അവയില്‍ രണ്ട് ശതമാനം മാത്രമേ ഓക്സിജന്‍ കിടക്കകളിലുള്ളൂ. ഒരു ശതമാനം മാത്രമാണ്  ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടത്.  പുതിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ 13 ശതമാനം കുറഞ്ഞു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് എന്നിവ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്  യഥാക്രമം 10 ശതമാനം, ആറ് ശതമാനം, ഏഴ് ശതമാനം, 10 ശതമാനം കുറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണുള്ളത്.

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡ് വാക്സിന്‍ എടുത്തവരും ജാഗ്രത പുലര്‍ത്തണം. വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം. പ്രത്യേകിച്ചും അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.  രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതില്‍ ഒരിളവും ഇപ്പോള്‍ വരുത്തിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും മാസ്‌കില്ലാതെ പലരും ഇടപഴകുന്നത് ശ്രദ്ധയിലുണ്ട്. അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.  റസ്റ്ററന്റില്‍ മാസ്‌കില്ലാതെ സപ്ലൈ ചെയ്യാനും പാകംചെയ്യാനും നിന്നാല്‍ ഒറ്റയടിക്ക് അനേകം പേര്‍ക്ക് രോഗം പകരുന്നതിലേക്കാണ് നയിക്കുക. അത്തരം അപകട സാധ്യത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave Comment