ശ്രദ്ധേയമായി പോലീസിന്റെ ‘സ്റ്റേ സേഫ് ഓണ്‍ലൈന്‍’ പദ്ധതി

post

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റേ സേഫ് ഓണ്‍ലൈന്‍ എന്ന പേരില്‍ ജനമൈത്രി പോലീസ് നടത്തിവരുന്ന സൈബര്‍ ബോധവത്കരണ ക്യാംപെയിന്‍ ശ്രദ്ധേയമാകുന്നു. കാഞ്ഞങ്ങാട് പോലീസ് സബ്ബ് ഡിവിഷന്‍ പരിധിയിലെ വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ.വി.ബാലകൃഷ്ണന്‍ ആവിഷ്‌കരിച്ച പദ്ധതി ഇന്‍സ്പെക്ടര്‍ ഷൈന്‍ കെ.പി യുടെ നേതൃത്വത്തിലാണ് ജനമൈത്രി പോലീസ് നടപ്പിലാക്കുന്നത്. ആഗസ്റ്റ് 16ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ല പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്ത പദ്ധതി ഇപ്പോള്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി സമൂഹം ഓണ്‍ലൈന്‍ ക്ലാസ്സിന്റെയും ഇന്റര്‍നെറ്റിന്റെയും അമിതമായ ഉപയോഗത്തിലായതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങളും ചൂഷണങ്ങളും നടക്കുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥികളെ നേര്‍വഴിയിലൂടെ നയിക്കുവാന്‍ വേണ്ടിയാണ് സ്റ്റേ സേഫ് ഓണ്‍ലൈന്‍ പദ്ധതി ലക്ഷ്യമിടുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വെബിനാറുകളാണ് പ്രധാനമായും നടത്തുന്നത്. ജനപ്രതിനിധികള്‍, ഐ.എ.എസ് ഓഫീസര്‍മാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ന്യായാധിപന്‍മാര്‍, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ വെബിനാറുകളില്‍ പങ്കെടുത്തു. 100 വെബ്ബിനാര്‍ എന്ന ലക്ഷ്യമിട്ട് തുടങ്ങിയ പരിപാടി ഇപ്പോള്‍ 40 എണ്ണം പൂര്‍ത്തിയായി. സ്‌കൂള്‍ തുറക്കുമ്പോഴേക്കും ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് പോലീസ്. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപക രക്ഷാകര്‍ത്താക്കളില്‍നിന്നും പൊതു സമൂഹത്തില്‍നിന്നും മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.സംസ്ഥാന പോലീസ് സേനയിലെ സൈബര്‍ വിദഗ്ധരായ പി.രവീന്ദ്രന്‍, പി.ആര്‍. ശ്രീനാഥ്, രംഗീഷ് കടവത്ത്, കെ.പ്രിയേഷ് തുടങ്ങിയവരാണ് ക്ലാസുകളെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *