ന്യൂയോർക്ക് ഭാരത് ബോട്ട് ക്ലബ്ബ് രഘുനാഥൻ നടരാജനെ ആദരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളികളുടെ സൗഹൃദകൂട്ടായ്മയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ചു നടന്ന വിപുലമായ ചടങ്ങിൽ, കോവിഡ് കാലത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനം കാഴ്ചവച്ച വ്യക്തിയെ ആദരിക്കുന്ന ചടങ്ങിൽ ആലപ്പുഴ സ്വദേശിയും, അമേരിക്കൻ മലയാളിയുമായ ശ്രീ രാഘുനാഥൻ നടരാജനെ ബോട്ട് ക്ലബ്ബ് പ്രവർത്തകർ പൊന്നാട അണിയിച്ച് ആദരിച്ചു.

Picture

ലോകത്തെ മുഴുവനും വിറങ്ങലിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ന്യൂയോർക്കിൽ സംഹാരതാണ്ഡവമാടി ദിനംപ്രതി ആയിരങ്ങളുടെ ജീവനുകൾ കവർന്നെടുത്ത 2020 ന്റെ തുടക്ക സമയം മുതൽ, കോവിഡ് രോഗികളെ പരിചരിക്കുന്നവർക്കും, മറ്റ് ആരോഗ്യപ്രവർത്തകർക്കും അത്യന്താപേക്ഷിത സുരക്ഷാ കവചമായി ധരിക്കുവാൻ പര്യാപ്തമായ ഫെയ്‌സ് ഷിൽഡ് സ്വന്തമായി നിർമ്മിച്ച് സൗജന്യമായി നൽകിക്കൊണ്ടാണ് ന്യൂയോർക്കിലെ മോണ്ടിഫിയോർ മെഡിക്കൽ സെന്ററിൽ നഴ്‌സായി ജോലി ചെയ്യുന്ന രഘുനാഥൻ നടരാജൻ തന്റെ വേറിട്ട നന്മ പ്രവർത്തനത്തിലൂടെ വാർത്താ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയത്.

Picture2

നിനച്ചിരിക്കാതെ പെട്ടന്നുള്ള കോവിഡിന്റെ അതിവ്യാപനത്തെ ചെറുക്കാനുള്ള മുൻകരുതലുകളായ സുരക്ഷാസാമഗ്രികൾക്ക് വൻ ദൗർലഭ്യം നേരിട്ടുകൊണ്ടിരുന്ന സന്ദർഭത്തിലാണ് രാഘുനാഥൻ ഒരു രക്ഷാ ദൂതനെപ്പോലെ, അദൃശ്യ ശക്തിയുടെ കരസ്പർശം പോലെ ആയിരക്കണക്കിനാളുകൾക്ക് ഫെയ്‌സ് ഷീൽഡ് നിർമ്മിച്ച് സൗജന്യമായി നൽകിയത്. ഈ മാതൃകാപരമായ നന്മപ്രവർത്തനത്തെ മാനിച്ചാണ് ഭാരത് ബോട്ട് ക്ലബ്ബ് പ്രവർത്തകർ രാഘുനാഥൻ നടരാജനെ ആദരിക്കാനായി തിരഞ്ഞെടുത്തത്.

ന്യുയോർക്കിലെ സിത്താർ പാലസിൽ വെച്ച് നടത്തപ്പെട്ട പ്രൗഢ ഗംഭീരമായ വാർഷിക ആഘോഷ സാമേളനത്തിൽ വച്ച് ഭാരത് ബോട്ട് ക്ലബ്ബിന്റെ സെക്രട്ടറി ചെറിയാൻ ചക്കാലപടിക്കലും ട്രഷറർ വിശ്വനാഥൻ കുഞ്ഞുപിള്ളയും രഘുനാഥൻ നടരാജനെ ഭാരത് ബോട്ട് ക്ലബ്ബിന്റെ പേരിൽ പൊന്നാട അണിയിച്ചു ആദരിച്ചു .ഭാരത് ബോട്ട് ക്ലബ്ബിന്റെ അമരക്കാരായ പ്രസിഡണ്ട് വിശാൽ, ടീം മാനേജർ രാധാകൃഷ്ണൻ കുഞ്ഞുപിള്ള എന്നിവർ വിപുലമായ പരിപാടികൾക്ക് നേതൃത്വം നൽകി.

കോവിഡ് കാലത്തെ അടച്ചുപൂട്ടലുകളിൽ നിന്നും നിയന്ത്രണങ്ങളിൽനിന്നും താൽക്കാലിക ആശ്വാസം കിട്ടിയ സന്തോഷത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ആഘോഷപരിപാടികളിൽ സംബന്ധിച്ചു . ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികൾ പ്രോഗ്രാമിന് ചൈതന്യം പകർന്നു.

 

Leave a Reply

Your email address will not be published. Required fields are marked *