2021-22 അദ്ധ്യയന വ‌‍ര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റിലെ പ്രവേശന നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണ്

കരുത്തലോടെ മടങ്ങാം... ഹയർ സെക്കണ്ടറി പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ  വിദ്യാർത്ഥികൾ സാനിസൈറ്റർ അടിച്ച് വീട്ടിലേക്ക് മടങ്ങുന്നു ...

നിലവിലെ സ്ഥിതി വിവര കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാര്‍ത്ഥികൾ അപേക്ഷിക്കുകയുണ്ടായി. ഇതില്‍ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുമുണ്ടായിരുന്നു. ആയതിനാല്‍ പ്രവേശനം നല്‍കേണ്ട യഥാര്‍ത്ഥ അപേക്ഷകർ 4,25,730 മാത്രമാണ് രണ്ടാമത്തെ അലോട്ട്മെന്റില്‍ 2,69,533 അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. അതില്‍ 69,642 വിദ്യാര്‍ത്ഥികള്‍ക്ക് പുതിയതായി അലോട്ട്മെന്റ് ലഭിച്ചപ്പോള്‍ 44,707 വിദ്യാ‌ര്‍ത്ഥികള്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകളിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശനതോതനുസരിച്ചാകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വണ്‍ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. കഴിഞ്ഞ അഞ്ച് വ‌ര്‍ഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കില്‍ പ്രവേശനം ലഭിക്കുന്നതിനായി രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സംസ്ഥാനത്ത് ആകെ 85,316 അപേക്ഷകര്‍ മാത്രമാണ് ശേഷിക്കുന്നത്. അപേക്ഷിച്ച എല്ലാപേരും പ്ലസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍ ആകെ 1,22,880 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടതാണ്. (ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തലത്തിലുള്ള ഈ കണക്കുകൾ.

2021-22 അദ്ധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാനത്തെ അലോട്ട്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലെ അലോട്ട്മെന്റ് 27,961 സീറ്റുകള്‍, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടാ പ്രവേശനം 35,214 സീറ്റുകള്‍, അണ്‍-എയ്ഡഡ് സ്കൂളുകളിലെ പ്രവേശനം 55,002 സീറ്റുകള്‍ ഒക്കെ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോര്‍ട്സ് ക്വാട്ട സീറ്റുകൾ പൊതുമെറിറ്റ് ക്വാട്ടാ സീറ്റുകളായി പരിവര്‍ത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും 3,552 കൂടി കൂട്ടുമ്പോള്‍ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകള്‍ ലഭ്യമാണ്. ഇതിന് പുറമെ വൊക്കേഷണൽ ഹയര്‍സെക്കണ്ടറി, പോളിടെക്നിക്, ഐ.ടി.ഐ. മേഖലകളിലായി 83,000 സീറ്റുകളും ലഭ്യമാണ്. ഹയർക്കണ്ടറിയിൽ ജില്ലാടിസ്ഥാനത്തിലെ നിലവിലെ സ്ഥിതി അനുബന്ധമായി ഉള്ളടക്കം ചെയ്യുന്നു.

മുഖ്യഘട്ട അലോട്ട്മെന്റ് പൂര്‍ത്തീകരിക്കുന്ന 2021 ഒക്ടോബര്‍ 23ന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ ആരംഭിക്കുന്നതിനു മുമ്പായി സംസ്ഥാനത്തെ എല്ലാ ജില്ലകളുടേയും സ്ഥിതി വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനം ലളിതവും, സുതാര്യവും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമായി കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഏകജാലക പ്രവേശനമെന്ന കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാനം നടപ്പിലാക്കി വരുന്നതിനാൽ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തിൽ അവർ ആഗ്രഹിക്കുന്ന സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നുണ്ട്. മൂന്ന് തവണ കേന്ദ്ര സര്‍ക്കാരിന്റെയും
ഒരു തവണ സംസ്ഥാന സര്‍ക്കാരിന്റെയും ഏറ്റവും മുകച്ച ഇ-ഗവേണന്‍സ് പ്രോജക്ടിനുള്ള അവാര്‍ഡുകൾ ഏകജാലക സംവിധാനത്തിന് ലഭിച്ചിട്ടുണ്ട്. അത് പോലെ തന്നെ വളരെ മികച്ച രീതിയില്‍ ഹയർ‍സെക്കണ്ടറി പ്രവേശനം നടത്തി വരുന്നതിന് ബഹു. കേരളാ ഹൈക്കോടതി പ്രത്യേക പരാമര്‍ശിച്ചിട്ടുള്ളതുമാണ്.

ഓരോ വിദ്യാര്‍ത്ഥിയുടേയും WGPA (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) മാനദണ്ഡമാക്കിയാണ് അലോട്ട്മെന്റ് നല്‍കുന്നത്.

ഓരോ സ്കൂളിലേയും ഓരോ കോഴ്സിലേക്കുമുള്ള WGPA മാനദണ്ഡമാക്കിയുള്ള റാങ്ക് ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തി പ്രസ്തുത കോഴ്സില്‍ ലഭ്യമായ സീറ്റുകളിലേയ്ക്കാണ് അലോട്ട്മെന്റ് അനുവദിക്കുന്നത്. WGPA കണക്കാക്കുന്നതിൽ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്കിനു പുറമേ വിവിധ ബോണസ് പോയിന്റുകളും പരിഗണിക്കുന്നുണ്ട്. WGPA തുല്യമാകുന്ന അവസരത്തിൽ ഓപ്ഷന്‍ നമ്പര്‍, ഗ്രൂപ്പ് ടോട്ടല്‍ ഗ്രേഡ് പോയിന്റ്, ഇംഗ്ലീഷിന് ലഭിച്ച ഗ്രേഡ്, ഒന്നാം ഭാഷയുടെ ഗ്രേഡ്, റെസിഡെന്‍ഷ്യൽ ടൈ (അതേ സ്കൂൾ, അതേ ലോക്കല്‍ബോഡി, അതേ താലൂക്ക്, അതേ ജില്ല) NTS Examination, റെഡ്ക്രോസ് തുടങ്ങിയവയിലെ പങ്കാളിത്തം തുടങ്ങിയ 38 ഇനങ്ങളിലെ ടൈയിലും തുല്യത തുടര്‍ന്നാൽ ജനനതീയതിയും ഏറ്റവും ഒടുവിൽ നേരിനാലും ടൈ ബ്രേക്ക് ചെയ്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. വിദ്യാര്‍ത്ഥികൾ പഠിച്ച സ്കൂളിൽ മുന്‍ഗണന ലഭിക്കുന്നതിന് രണ്ട് ബോണസ് പോയിന്റ്, സ്വന്തം ലോക്കല്‍ ബോഡിയിൽ മുന്‍ഗണന ലഭിക്കുന്നതിന് രണ്ട് ബോണസ് പോയിന്റ്, അതേ താലൂക്കിന് ഒരു ബോണസ് പോയിന്റ് എന്നിങ്ങനെ പരമാവധി ഒരു കുട്ടിയ്ക്ക് ലഭിക്കാവുന്ന ബോണസ് പോയിന്റുകള്‍ പത്തായി ഈ വര്‍ഷം നിജപ്പെടുത്തുകയുണ്ടായി. മുന്‍ വര്‍ഷങ്ങളിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാത്ത വിദ്യാര്‍‌‍ത്ഥികൾ അക്കാദമികേതര പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന ബോണസ് പോയിന്റിനാല്‍ പിന്തള്ളുന്ന സാഹചര്യം ഉണ്ടായിരുന്നു. (ഒരു വിദ്യാര്‍ത്ഥിക്ക് 19 മാര്‍ക്ക് വരെ ബോണസ് പോയിന്റ് ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

കഴിഞ്‍ഞ 5 വര്‍ഷങ്ങളിൽ 2016-ൽ ആണ് ഏറ്റവും കൂടുതൽ വിദ്യാര്‍ത്ഥികൾ എസ്.എസ്.എല്‍.സി. പാസായിട്ടുള്ളത്. 4,58,080 വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ആകെ അപേക്ഷകർ 5,17,156 ആയിരുന്നു. പ്രസ്തുത വര്‍ഷം 22,879 വിദ്യാര്‍ത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,13,564 സീറ്റുകളിൽ 3,84,612 അപേക്ഷകര്‍ പ്രവേശനം നേടുകയുണ്ടായി. സര്‍ക്കാര്‍/എയ്ഡഡ്/അണ്‍-എയ്ഡഡ് മേഖലകളിലായി 28,952 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം എസ്.എസ്.എല്‍.സി. പാസ്സായവരുടേയും പ്രവേശനത്തിനായി അപേക്ഷിച്ചവരുടേയും എണ്ണം താരതമ്യേന കുറവാണ്. ഈ വര്‍ഷം പാസ്സായി എസ്.എസ്.എല്‍.സി. പാസ്സായി ഉന്നത പഠനത്തിന് യോഗ്യത നേടിയവർ 4,19,653-ഉം പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം 4,65,219 -ഉം ആണ്.

എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 1,25,509 ആയി വര്‍ദ്ധിക്കുകയുണ്ടായി. ഇത് കഴിഞ്ഞ വര്‍ഷത്തിനേക്കാൾ മൂന്നു മടങ്ങിൽ കൂടുതലാണ്. നിലവിൽ 1,10,334 വിദ്യാര്‍‌ത്ഥികൾ മെറിറ്റ് ക്വാട്ടയിൽ മാത്രം പ്രവേശനം നേടിയിട്ടുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷയിൽ വളരെ കുറച്ചു മാത്രം ഓപ്ഷനുകൾ ഉള്‍പ്പെടുത്തിയതിന്റെ ഫലമായി അലോട്ട്മെന്റ് ലഭിച്ചിട്ടില്ല. എയ്ഡഡ് സ്കൂളികളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലും മാനേജ്മെന്റ് ക്വാട്ടയിലും വൊക്കേഷണൽ ഹയര്‍സെക്കണ്ടറിയിലും ശേഷിക്കുന്നവർ‌ പ്രവേശനം തേടാനുള്ള സാധ്യതയുണ്ട്.

2021-22 അദ്ധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിലെ അവസാനത്തെ അലോട്ട്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലെ അലോട്ട്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടാ പ്രവേശനം, അണ്‍-എയ്ഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ പൂര്‍ത്തീകരിക്കുന്ന 2021 ഒക്ടോബർ‌ 23 ന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ ആരംഭിക്കുന്നതിനു മുമ്പായി സംസ്ഥാനത്തെ എല്ലാ ജില്ലകളുയേും സ്ഥിതി വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.

ഒന്നാം വര്‍ഷ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുമ്പായി തന്നെ ഹയര്‍സെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ മുഖ്യഘട്ട അലോട്ട്മെന്റ് പൂര്‍ത്തീകരിച്ചാലുടൻ സ്വീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *