അമൃതം പൊടിയുടെ കൊതിയൂറും വിഭവങ്ങള്‍; വ്യത്യസ്തമായി ഐ.സി.ഡി.എസ് വാര്‍ഷിക ആഘോഷം

post

ഇടുക്കി : പായസം മുതല്‍ കട്‌ലെറ്റ് വരെ കൊതിയൂറും വിഭവങ്ങള്‍. ഏത് കഴിക്കണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധമായിരുന്നു അങ്കണവാടി ജീവനക്കാരുടെ ഭക്ഷ്യവിഭവ പ്രദര്‍ശനമേള. സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാര്‍ഷിക ആഘോഷത്തിലാണ് അമൃതം പൊടികൊണ്ട് അന്‍പതോളം വിഭവങ്ങള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചും വിതരണം ചെയ്തും വ്യത്യസ്തമായ ഭക്ഷ്യമേള സംഘടിപ്പിച്ചത്. അമൃതം പൊടി കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ പ്രദര്‍ശന മേളയ്‌ക്കെത്തിയവര്‍ക്ക് അത്ഭുതമായി. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്ത്വത്തില്‍ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനമേള സംഘടിപ്പിച്ചത്. അങ്കണവാടികളില്‍ ലഭിക്കുന്ന അമൃതം പൊടി കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളായിരുന്നു പ്രദര്‍ശന മേളയിലെ മുഖ്യ ആകര്‍ഷണം. കുമ്പിള്‍ അപ്പം, ലഡു, വട്ടയപ്പം, പായസം, കട്‌ലറ്റ്, ഉണ്ണിയപ്പം, കൊഴുക്കട്ട, പിടി, പത്തിരി തുടങ്ങി അന്‍പതോളം പലഹാരങ്ങളാണ് മേളയിലുണ്ടായിരുന്നത്. അങ്കണവാടി ജീവനക്കാരാണ് വിഭവങ്ങള്‍ ഒരുക്കിയത്. ഓരോന്നിന്റെയും പാചകകുറിപ്പും വിഭവങ്ങളോടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു. അങ്കണവാടികളില്‍ ലഭിക്കുന്ന സേവനങ്ങള്‍, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷക ആഹാരങ്ങള്‍, എന്നിവയുടെ പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസുകളും വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദു ബിജു പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലാലി ജോസി, പഞ്ചായത്ത് അംഗങ്ങളായ രാജു കുട്ടപ്പന്‍, കബീര്‍ കാസിം, ഷെമീന അബ്ദുള്‍ കരീം, വി.കെ.കൃഷ്ണന്‍, രേഖ പുഷ്പരാജ്, രാജി ചന്ദ്രശേഖരന്‍, ഷേര്‍ലി ജോസുകുട്ടി, ശിശുവികസന പദ്ധതി ഓഫീസര്‍ ജിഷ ജോസഫ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ബിന്ദു ബി.എ, പഞ്ചായത്ത് സെക്രട്ടറി പി എസ്. സെബാസ്റ്റ്യന്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *