നെല്ല് സംഭരണം കാര്യക്ഷമമാക്കും: മന്ത്രി

Spread the love

post

തിരുവനന്തപുരം : 2021-2022 ലെ നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 2,52,160 കര്‍ഷകരില്‍ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയായ 2101.70 കോടി രൂപ പൂര്‍ണ്ണമായും കൊടുത്തു. 26 കര്‍ഷകര്‍ക്കുള്ള 19.95 ലക്ഷം രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ കഴിയാത്തത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം മൂലമാണെന്നും ഇവര്‍ക്ക് ഉടന്‍ തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നെല്ല് സംഭരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ യോഗം നടത്തിയിരുന്നു.

നെല്ല് സംഭരണം നടക്കുന്ന ജില്ലകളില്‍ മില്ല് അലോട്ട്മെന്റ് പൂര്‍ത്തിയായതായും നെല്ല് സംഭരണം നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ നെല്ല് പൂര്‍ണ്ണമായും സംഭരിച്ചതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കര്‍ഷകരും മില്ലുകളും നടപ്പ് നെല്ല് സംഭരണത്തില്‍ സഹകരിക്കുന്നതായും ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ നെല്ല് സംഭരിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *