ഇക്കോ സെന്‍സിറ്റീവ് സോണ്‍: അംഗീകാരത്തിനായി സമര്‍പ്പിച്ചത് 88.21 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉള്‍പ്പെടുന്ന പ്രപ്പോസല്‍

post

വയനാട്: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട 88.21 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉള്‍പ്പെടുന്ന ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രപ്പോസലാണെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്ര ബാബു. വന്യജീവി സങ്കേതത്തതിന് പുറത്തുള്ള ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ടെറിട്ടോറിയല്‍ ഡിവിഷനുകളുടെ 69.12 സ്‌ക്വയര്‍ കിലോമീറ്റര്‍ റിസര്‍വ്വ് വനവും, വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന ജനവാസമേഖലയായ 19.09 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശവും ഉള്‍പ്പെടുന്നതാണ് നിലവിലെ പ്രപ്പോസല്‍. വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രപ്പോസല്‍ സമര്‍പ്പിച്ചത്.
ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍, വായു, ജലം, മണ്ണ്, ശബ്ദ മലിനീകരണത്തിന് ഇടയാക്കുന്ന വ്യവസായങ്ങള്‍ എന്നിവ നിരോധിക്കും. ഡാമുകളില്‍ വാണിജ്യാടിസ്ഥാനത്തിലുളള വൈദ്യുതി ഉല്‍പ്പാദനം, വാണിജ്യാടിസ്ഥാനത്തിലുള്ള കട്ടക്കളങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. പ്രകൃതിക്ക് ദോഷകരമാകുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും, വന്‍കിട കമ്പനികള്‍ നടത്തുന്ന വ്യാവസായിക അടിസ്ഥാനത്തിലുള്ള കോഴി/ മൃഗ പരിപാലന പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കും. പ്രദേശങ്ങളിലെ പുഴകളിലും മറ്റും അസംസ്‌കൃത മാലിന്യം നിക്ഷേപിക്കരുത്. ഖരമാലിന്യം, ആസ്പത്രി മാലിന്യം എന്നിവ സംസ്‌കരിക്കുന്നതിനുള്ള പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, പുതിയ തടിമില്ലുകള്‍ എന്നിവ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *