സർവെ, റവന്യൂ, രജിസ്ട്രേഷൻ സേവനങ്ങൾ ഒരു പോർട്ടലിൽ ലഭ്യമാക്കാൻ ഡിജിറ്റൽ സർവെ സഹായിക്കും: മുഖ്യമന്ത്രി

Spread the love

സംസ്ഥാനത്ത് സർവെ, റവന്യൂ, രജിസ്ട്രേഷൻ സേവനങ്ങൾ ഒരു പോർട്ടലിൽ ലഭ്യമാക്കാൻ ഡിജിറ്റൽ സർവെ സഹായിക്കമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവെയെ സംബന്ധിച്ച വിവരങ്ങൾ നിയമസഭാ സാമാജികർക്ക് വിശദമാക്കുന്നതിനുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമികൾക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നമ്മുടെ ലക്ഷ്യം. അത് സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടിയാണ് ആധുനിക സാങ്കേതിക വിദ്യയായ കോർസ് സംവിധാനം ഉപയോഗിച്ച് കേരളത്തെ ഡിജിറ്റലായി റീ സർവെ ചെയ്യാൻപോകുന്നത്. സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ സിവിൽ സർവീസിന്റെ ഉന്നമനത്തിനായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ ഭാഗംകൂടിയാണ് ഈ നടപടി. 500 ഓളം സേവനങ്ങൾ ഒറ്റ ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കിക്കൊണ്ട് സർക്കാർ സേവനങ്ങൾക്കായി മൊബൈൽആപ്പ് തയാറാക്കിക്കഴിഞ്ഞു. സാധാരണഗതിയിലുള്ള സാങ്കേതിക നടപടികൾ ലഘൂകരിക്കലാണിതിലൂടെ സംഭവിക്കുന്നത്.
സംസ്ഥാനത്ത് 1966 ലാണ് റീസർവെ ആരംഭിച്ചത്. ഇത് ഇനിയും വൈകാൻ പാടില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയിലേക്ക് നമ്മൾ കടക്കുന്നത്. 1550 വില്ലേജുകൾ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നാലു വർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. RTK, ETS, DRONE എന്നിവ ഉപയോഗിച്ചാണ് സർവെ. നാല് വർഷംകൊണ്ട് നാല് ഘട്ടമായി സർവെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കേരളം കുറേകാലമായി ആഗ്രഹിക്കുന്ന കാര്യമാണ് ഡിജിറ്റൽ റീ സർവെ പൂർത്തിയായിക്കിട്ടുകയെന്നത്. 807 കോടി രൂപയാണ് ചെലവ് വരുന്നത്. റി – ബിൽഡ് കേരള വഴി 339.438 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഡിജിറ്റൽ സർവെ പൂർത്തിയാവുന്നതോടെ ഇന്റഗ്രേറ്റഡ് ഭൂരേഖ പോർട്ടൽ പ്രാവർത്തികമാക്കാനാവും. അതിലൂടെ സർവെ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാക്കാനാവും. കഴിഞ്ഞ് അഞ്ച് വർഷം സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത വികസനത്തിന്റെ തുടർച്ച ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. അതിന്റെ വിഭവങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വേഗത്തിൽ തയാറാക്കാൻ ഡിജിറ്റൽ സർവെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റീ സർവെ നടപടികൾ പൂർത്തിയാക്കാൻ എല്ലാ ജനപ്രതിനിധികളുടെയും സഹായവും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
വരുന്ന നാല് വർഷംകൊണ്ട് ഈ സർവെ പൂർത്തിയാക്കാനാവുമെന്നും അതിലൂടെ കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണാനാവുമെന്നും പ്രതീക്ഷിക്കുന്നതായി അധ്യക്ഷ പ്രസംഗത്തിൽ റെവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. നിയമസഭാ സ്പീക്കർ എം.ബി രാജേഷ് മുഖ്യാതിഥിയായി. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതം ആശംസിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡയറക്ടർ സർവേ ലാൻഡ് റെക്കോർഡ്സ് സീറാം സാംബശിവ റാവു, ലാൻഡ് റവന്യൂ കമ്മീഷണർ കെ.ബിജു, സാമാജികർ തുടങ്ങിയവർ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *