നെടുങ്കണ്ടത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായ പ്രദേശങ്ങള്‍ ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ്ജ് സന്ദര്‍ശിച്ചു

Spread the love

post

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് നെടുങ്കണ്ടത്ത് മണ്ണിടിച്ചിലുണ്ടായ പാലാര്‍, വെള്ളം കയറിയ തൂക്കുപാലം, ചോറ്റുപാറ, പാമ്പിന്‍മുക്ക് പ്രദേശങ്ങളിലെ നിരവധി വീടുകളും സ്ഥാപനങ്ങളും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. മണ്ണിടിച്ചിലും നാശനഷ്ടങ്ങളുമുണ്ടായ പാലാര്‍ സന്ദര്‍ശിച്ച് കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യനെ ചുമതലപ്പെടുത്തി. തൂക്കുപാലം, ചോറ്റുപാറ പ്രദേശങ്ങളിലെ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പാമ്പിന്‍മുക്ക് തോടിന്റെ കരയ്ക്കുള്ള വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ പതിനഞ്ചോളം വീടുകളും സ്ഥാപനങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. ചോറ്റുപാറ പാലത്തിലുണ്ടായ വിള്ളലും കളക്ടര്‍ പരിശോധിച്ചു. വെള്ളം കയറിയ വീടുകളില്‍ വീട്ടുപകരണങ്ങള്‍ നശിച്ചതിനൊപ്പം വളര്‍ത്തുമഗങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ജില്ലാകളക്ടര്‍ റവന്യു വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. നാശനഷ്ടങ്ങള്‍ വിലയിരുത്തി അടിയന്തര സഹായ വിതരണത്തിന് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
റോഡുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട റോഡുകളിലെ മണ്ണുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ മൂന്ന് ക്യാമ്പുകള്‍ ബുധനാഴ്ച രാത്രിയോടെ ആരംഭിച്ചു. കോമ്പയാര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 9 പേര്‍ താമസിക്കുന്നുണ്ട്. രാവിലെ മഴ കുറഞ്ഞതോടെ മറ്റ് ക്യാമ്പുകള്‍ താത്കാലികമായി അടച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ വീണ്ടും തുറക്കും. അഗ്നി രക്ഷാ സേന, പഞ്ചായത്ത്- റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാമ്പിന്‍മുക്ക് തോട് കരകവിഞ്ഞ് വെള്ളം കയറിയ വീടുകളില്‍ ചെളി നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം വെള്ളം പമ്പ് ചെയ്ത് കളയാനുള്ള സൗകര്യങ്ങളൊരുക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

Author

Leave a Reply

Your email address will not be published. Required fields are marked *