യൂറോപ്പും ഏഷ്യയും വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാമെന്ന് ലോകാരോഗ്യ സംഘടന

Picture

ലണ്ടന്‍: ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടന. യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. തെക്ക് കിഴക്കന്‍ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറന്‍ പസഫിക്-ആഫ്രിക്കന്‍ മേഖലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളില്‍ പകുതിയും മധ്യേഷ്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍.

കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കേസുകള്‍ കൂടുന്നതിലേക്ക് നയിച്ചത്.

കോവിഡ് വ്യാപനം ഇതേ നിലയ്ക്ക് തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *