ഏറ്റുമാനൂരില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും: മന്ത്രി വി.എന്‍. വാസവന്‍

post

മന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമല തീര്‍ത്ഥാടന അവലോകന യോഗം ചേര്‍ന്നു
സുരക്ഷിത തീര്‍ഥാടനത്തിന് എല്ലാ സൗകര്യവുമൊരുക്കുംകോട്ടയം: ഏറ്റുമാനൂര്‍ നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് തുക അനുവദിക്കുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ ഇടത്താവളത്തിലെ ഒരുക്കം വിലയിരുത്തുന്നതിനായി ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ കൂടിയ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സുരക്ഷിതമായ തീര്‍ത്ഥാടനവും ഏറ്റുമാനൂര്‍ നഗരത്തിലെ സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്ഥിരമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി നല്‍കാന്‍ പൊലീസിന് മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതി തയാറാക്കി നല്‍കിയാലുടന്‍ എം.എല്‍.എ. ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അഴുക്കുചാലുകള്‍, ഓടകള്‍ എന്നിവ ശാസ്ത്രീയമായി ഒരുക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ മുമ്പ് ഏറ്റുമാനൂര്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പദ്ധതിക്ക് സര്‍ക്കാര്‍ സഹായം ആവശ്യമെങ്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളിലുള്ള സൂചന ബോര്‍ഡുകള്‍ 15നകം സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. മാലിന്യസംസ്‌ക്കരണത്തിനും അടിയന്തരമായി വഴിവിളക്കുകള്‍ നന്നാക്കുന്നതിനും ഓടകള്‍ വൃത്തിയാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഈ കാലയളവില്‍ നിയോഗിക്കാനും നിര്‍ദ്ദേശിച്ചു. തീര്‍ഥാടകര്‍ക്ക് വിവിധ ഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കി. മുടക്കമില്ലാതെ വൈദ്യുതി ലഭ്യക്കാനും തകരാറുകള്‍ ഉടനടി പരിഹരിക്കാനും കെ.എസ്.ഇ.ബി. ജീവനക്കാരെ പ്രത്യേകം നിയോഗിക്കും. ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും കിണറുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ സുരക്ഷനടപടികള്‍ സ്വീകരിക്കാനും ജല അതോറിറ്റിയെയും ആരോഗ്യവകുപ്പിനെയും നഗരസഭയെയും ചുമതലപ്പെടുത്തി. ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. കംഫര്‍ട്ട് സ്റ്റേഷനുകളില്‍ കോടതി അനുവദിച്ച നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *