മഴക്കെടുതി : നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി

മഴയെ തുടർന്ന് നാശനഷ്ടമുണ്ടായ നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. കനത്ത മഴയെ തുടർന്ന് തിരുവല്ലം വാഴമുട്ടത്തിനു സമീപം പാറയിടിഞ്ഞുവീണ് മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവസ്ഥലം മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു.

നഷ്ടങ്ങളുടെ കണക്കെടുക്കാൻ മന്ത്രി നിർദ്ദേശം നൽകി. വേണ്ട സഹായം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ നടപടി കൈക്കൊള്ളാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ നവജ്യോത് ഖോസയും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പായ ഐരാണി മുട്ടത്ത് മതിയായ സൗകര്യം ഉറപ്പുവരുത്താൻ മന്ത്രി നിർദ്ദേശിച്ചു. നേമം മണ്ഡലത്തിലെ കൈമനം – കരുമം റോഡിൽ സ്നേഹപുരി,ശിവ നഗർ, പാപ്പനംകോട് എസ്റ്റേറ്റ് വാർഡിലെ കസ്തൂർബാ നഗർ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ വേണ്ട നടപടികൾ കൈക്കൊള്ളാനും സഹായമെത്തിക്കാനും മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Leave Comment