ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തി കലക്ടർ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേലക്കര, വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾഎന്നിവ ജില്ലാ കലക്ടർ ഹരിത വി കുമാർ സന്ദർശിച്ചു.
റസിഡൻഷ്യൽ സ്കൂളുകളുടെ ജില്ലാതല സമിതി ചെയർമാൻ കൂടിയായ കലക്ടർ സ്കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർ, അധ്യാപകർ, കുട്ടികൾ എന്നിവരുമായി സംവദിക്കുകയും ചെയ്തു.

മോഡൽ റെസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേലക്കരയിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 84 ആൺ കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. 2011 – 2012 വർഷത്തിൽ അധ്യയനം ആരംഭിച്ച ഇവിടെ ഇതുവരെ എല്ലാ എസ് എസ് എൽ സി ബാച്ചുകളിലും 100 ശതമാനം വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ 15 വിദ്യാർത്ഥികളിൽ 7പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച സന്തോഷം സീനിയർ സൂപ്രണ്ടൻറ് സജിൽ കുമാർ കലക്ടറെ അറിയിച്ചു.
സ്കൂളിൻ്റെ ആവശ്യങ്ങൾ ഹെഡ്മാസ്റ്റർ സജിയും സീനിയർ സൂപ്രണ്ടൻറും കലക്ടറെ അറിയിച്ചു. ഉടൻ തന്നെ കമ്പ്യൂട്ടർ ലാബ് സജ്ജമാക്കണമെന്ന് കലക്ടർ നിർദേശിച്ചു. കുട്ടികളുടെ സംശയങ്ങൾ ദുരീകരിച്ച കലക്ടർ അവരുടെ രസകരമായ ചോദ്യങ്ങൾക്കും മറുപടി നൽകി. ആദ്യമായി കലക്ടറെ കണ്ട ആവേശത്തിലായിരുന്ന കുട്ടികൾക്ക് അവരുടെ കളിസ്ഥലം എന്ന ആവശ്യം നിറവേറ്റുമെന്ന ഉറപ്പു നൽകിയാണ് കലക്ടർ യാത്ര പറഞ്ഞത്.
വടക്കാഞ്ചേരി ഗവ മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 5 മുതൽ പ്ലസ്ടു വരെ ക്ലാസുകളിലായി 163 ആൺകുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. കുട്ടികളുടെ താമസസ്ഥലം, കമ്പ്യൂട്ടർ ലാബ്, ഭക്ഷണ സ്ഥലം, അടുക്കള എന്നിവയെല്ലാം സന്ദർശിച്ച കലക്ടർ ഉദ്യോഗസ്ഥരും അധ്യാപകരുമായി ചർച്ച നടത്തി.സ്കൂൾ സൂപ്രണ്ട് ജയപ്രകാശ്, പ്രിൻസിപ്പൽ ഗോപി സി എന്നിവർ സ്കൂളിനെക്കുറിച്ച് വിശദീകരിച്ചു.

പസിൽ റൂം ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കുട്ടികൾക്കായി സജ്ജമാക്കിയ പസിൽ റൂം ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കു വേണ്ടിയുള്ള പസിൽ റൂം കുട്ടികൾ വേണം ഉദ്ഘാടനം ചെയ്യാൻ എന്ന ആശയം മുന്നോട്ടുവെച്ച കലക്ടർ കൂട്ടത്തിൽ ചെറിയ കുട്ടിയായ മണികണ്ഠനേയും ഉദ്ഘാടനത്തിനായി ക്ഷണിച്ചു. കുട്ടികൾക്ക് ഗണിതം, പ്രശ്ന പരിഹാരശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ്പസിൽറൂംസജ്ജമാക്കിയിരിക്കുന്നത്. വിവിധ പസിലുകൾ കലക്ടർക്ക് പരിചയപ്പെടുത്തിയ കുട്ടികൾ അവ പരിഹരിച്ച് കലക്ടറുടെ കയ്യടിയും നേടി. ഡോ. റോയി മോൻ എന്ന അധ്യാപകൻ്റെ ആശയമായിരുന്ന പസിൽ റൂം അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തിച്ചു വരുന്നത്. കുട്ടികളിൽ ഉണ്ടായിരുന്ന മൊബൈൽ അഡിക്ഷൻ കുറയ്ക്കാൻ പസിൽ റൂം ഉപകരിക്കുന്നതായും പസിലുകൾ പരിഹരിക്കുക വഴി കുട്ടികൾക്ക് ഗണിതം എളുപ്പമായെന്നും ഓരോ പ്രവർത്തനങ്ങളും ആസ്വദിച്ച് ചെയ്തു തുടങ്ങിയതായും അധ്യാപകർ പറഞ്ഞു. മുൻ പ്രധാന അധ്യാപിക സുഷമ കുമാരിയുടെ കൂടി സഹായത്തോടെയാണ് പസിൽ റൂം സ്കൂളിൽ സജ്ജമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *