ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ജനുവരി 24 മുതല്‍ സമര്‍പ്പിക്കാം

വാഷിങ്ടന്‍ ഡി.സി: ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ജനുവരി 24 തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. അവസാന തീയതി ഏപ്രില്‍ 18ആണ്. ഫെഡറല്‍ ഫയലിങ് ഡേ ഏപ്രില്‍ 18ന് അവസാനിക്കുമെങ്കിലും ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ ആറുമാസം കൂടി കാലാവധി നീട്ടി കിട്ടും. ഐആര്‍എസിലേക്ക് തിരിച്ചടയ്‌ക്കേണ്ട തുകയ്ക്ക് കാലാവധി നീട്ടി കൊടുക്കുകയില്ല.

2021 ല്‍ ഐആര്‍എ വിഹിതം അടയ്‌ക്കേണ്ടവര്‍ പ്രത്യേക പ്രതികൂല സാഹചര്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മേയ് 16 വരെ കാലാവധി നീട്ടി ലഭിക്കും.

ടാക്‌സ് സീസണില്‍ ഐആര്‍എസില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ നികുതിദായകര്‍ക്ക് തിരികെ ലഭിക്കേണ്ട തുകയ്ക്ക് അല്പം താമസം നേരിടേണ്ടിവരുമെന്നും അറിയിപ്പില്‍ പറയുന്നു.

നികുതിദായകര്‍ ഐആര്‍എസിലേക്ക് ഫോണ്‍ ചെയ്യുകയാണെങ്കില്‍ മറുപടി ലഭിക്കുവാന്‍ താമസം നേരിടുമെന്നും, ഐആര്‍എസ് ഗവ (IRS.GOV) ഓണ്‍ലൈന്‍ ടൂള്‍ ഉപയോഗിച്ചു നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും സമര്‍പ്പിച്ചാല്‍ മറുപടി ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ കഴിവതും 21 ദിവസത്തിനകം റീഫണ്ടിനുള്ള നടപടികള്‍ ഉണ്ടാകും. വ്യവസായ വാണിജ്യ ടാക്‌സ് റിട്ടേണ്‍സിന്റെ തീയതി വ്യത്യസ്തമാണ്.

Leave Comment