ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

Spread the love

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.

2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. ജൂണ്‍ 27-ന് അവര്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി.

സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലെ പീഡനം ദേശീയതലത്തിലടക്കം ചര്‍ച്ചയായി. കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. ഇതിനിടെ, കേസിന്റെ അന്വേഷണവും ഒരുവഴിക്ക് നടക്കുന്നുണ്ടായിരുന്നു.

പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നല്‍കി. കേസില്‍നിന്ന് പിന്മാറാന്‍ രൂപത അധികാരികള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണസംഘം ഡല്‍ഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവില്‍നിന്നും മൊഴിയെടുത്തി.

2018 ഓഗസ്റ്റ് പത്താം തീയതിയാണ് അന്വേഷണസംഘം ജലന്ധറില്‍ എത്തുന്നത്. തുടര്‍ന്ന് 13-ാം തീയതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്തു. ഇതിനുപിന്നാലെ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ വീണ്ടും പോലീസിനെ സമീപിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *