ബ്രിട്ടനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ യുവാവും യുവതിയും മരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ ഗ്ലോസ്റ്ററിനു സമീപം ചെല്‍സ്റ്റര്‍ഹാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികള്‍. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്.

ചെല്‍സ്റ്റര്‍ഹാമിലെ പെഗ്ഗിള്‍സ്വര്‍ത്തില്‍ എ-436 റോഡില്‍ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു.

മരിച്ച ബിന്‍സിന്റെ ഭാര്യയ്ക്കും രണ്ടുവയസുള്ള കുഞ്ഞിനും അര്‍ച്ചനയുടെ ഭര്‍ത്താവ് നിര്‍മല്‍ രമേശിനും അപകടത്തില്‍ പരുക്കേറ്റു. ബിന്‍സിന്റെ ഭാര്യ അനഘയും കുട്ടിയും ഓക്‌സ്‌ഫെഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ് പരുക്കേറ്റ് ചികില്‍സയിലുള്ള നിര്‍മല്‍ രമേശ്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ബിന്‍സ് രാജന്‍ ഭാര്യ അനഘയും കുട്ടിയും യുകെയിലെത്തിയത്. ലൂട്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിനിയായിരുന്നു അനഘ. കൂട്ടുകാരായ ബിന്‍സും നിര്‍മലും കുടുംബസമേതം ഓക്‌സ്‌ഫെഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതാക്കള്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും മറ്റുമായി ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.

Leave Comment