ശ്രീചിത്രയില്‍ ആയുഷ്മാന്‍ പദ്ധതി നടപ്പാക്കണം : തമ്പാനൂര്‍ രവി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സാ സമ്പാത്തിക സഹായം അട്ടിമറിക്കപ്പെടുന്നെന്നും എത്രയും വേഗം ശ്രീചിത്ര ആശുപത്രിയില്‍ ആയുഷ്മാന്‍ പദ്ധതി നടപ്പാക്കണമെന്നും ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി നോണ്‍ അക്കാഡമിക് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് തമ്പാനൂര്‍ രവി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചുകളിയെ തുടര്‍ന്ന് കാരുണ്യ,താലോലം, ചീസ് പ്ലസ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളാണ് ദുരിതത്തിലായത്. ക്ലയിം തുക ലഭിക്കുന്നതിലെ കാലതാമസം കാരണം സാധാരണക്കാരനു ലഭിച്ചുകൊണ്ടിരുന്ന ചികിത്സാപദ്ധതി നിര്‍ത്തിവയ്ക്കുന്ന തരത്തിലേക്ക് ശ്രീചിത്രയെ തള്ളിവിട്ടു.കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് സ്‌കീം വഴി ലഭിക്കുന്ന 60% തുകയും കേരള സര്‍ക്കാരിന്റെ 40% തുകയും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേരള ആരോഗ്യ സുരക്ഷാ പദ്ധിയായ കാസ്പ് (കെഎഎസ്പി)നടപ്പാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.ഇത് സ്വകാര്യ ആശുപത്രികള്‍ക്ക് വളരുവാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപ്പെട്ട് കുടിശ്ശികതുക ഉടന്‍ അനുവദിക്കുകയും ആയുഷ്മാന്‍ പദ്ധതി കാര്യക്ഷമമായി ശ്രീചിത്രയില്‍ നടപ്പാക്കുന്നതിനുള്ള നടപടി ഉറപ്പാക്കുകയും ചെയ്യണമെന്ന് തമ്പനൂര്‍ രവി പറഞ്ഞു.

രണ്ട് ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്ന കാരുണ്യ പദ്ധതിക്കായി ശ്രീചിത്രയില്‍ നിന്ന് ചികിത്സാ എസ്റ്റിമേറ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ജില്ലാ ലോട്ടറി ഓഫീസില്‍ നല്‍കിയാല്‍ കാരുണ്യ ഓഫീസുവഴി തുക അനുവദിക്കുമായിരുന്നു. ഇതിനെ അട്ടിമറിച്ച് കാസ്പ് (കെഎഎസ്പി)നടപ്പാക്കിയെങ്കിലും നാളിതുവരെ ഇത് ശ്രീചിത്രയില്‍ ഇത് പ്രാവര്‍ത്ത്യമായില്ല. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ മേല്‍നോട്ടത്തില്‍ 18 വയസുവരെയുള്ള കുട്ടികള്‍ ഗുണഭോക്താക്കളായ താലോലം പദ്ധതിയുടെ ക്ലയിം തുക ലഭിക്കാനും ഇതേ അവസ്ഥതായണ്.നിലവില്‍ പദ്ധതിയിനത്തില്‍ 15 കോടിക്കുപുറത്ത് ശ്രീചിത്രയ്ക്ക് ലഭിക്കാനുണ്ട്. യു.പി.എ സര്‍ക്കാര്‍ നടപ്പിക്കിയ 70000രൂപ ഒ.പി/ഐ.പി ചികിത്സകള്‍ക്ക് ലഭിക്കുന്ന ചിസ് പ്ലസ് പദ്ധതിയും കാസ്പ് മൂലം മരീചികയായി മാറിയെന്നും തമ്പാനൂര്‍ പറഞ്ഞു.

വര്‍ദ്ധിച്ച ചികിത്സാച്ചെലവും ചെലവായ തുക സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള കാലതാമസവും മൂലം ഇന്‍സ്റ്റിറ്റ്യൂട്ടിന് അധിക സാമ്പത്തികബാധ്യതയാണ് വരുത്തുന്നത്. ഇത് എങ്ങനെ നികത്തും എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. ഇതുകാരണം സാധാരണക്കാരന് ഗുണമേന്മയുള്ള ചികിത്സ നിഷേധിക്കപ്പെടുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളി അവസാനിപ്പിച്ച് ആയുഷ്മാന്‍ പദ്ധതി ശ്രീചിത്രയില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

ശ്രീചിത്രയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന ഡയറക്ടര്‍ തസ്തികയില്‍ ഈ സ്ഥാപനവുമായി ഒരു ബന്ധവുമില്ലാത്തവരെ നിയമിച്ച് കാവിവത്ക്കരണം നടത്താനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ അണിയറയില്‍ നടത്തുന്നു. ഡയറക്ടര്‍ തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടത്തി മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും അനധികൃത നിയമനം നടത്തുന്നതിനാണ് ഈ തസ്തിക ഇപ്പോഴും ഒഴിച്ചിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിപരിചയവും കാര്യശേഷിയും ഉള്ളവരെ നിയമിക്കാന്‍ തയ്യാറാകണം. പിഎംഎസ്എസ് വൈ പദ്ധി പ്രകാരം നിര്‍മ്മിക്കുന്ന ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കണം. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയതായും തമ്പാനൂര്‍ രവി പറഞ്ഞു.

 

Leave Comment