കൂത്തുപറമ്പ് ഉള്‍പ്പടെയുള്ള രക്തസാക്ഷികളോട് മാപ്പ് പറയുകയാണ് സി.പി.എം ആദ്യം ചെയ്യേണ്ടത് : രമേശ് ചെന്നിത്തല

പിണറായിയുടെ ബദല്‍ വികസന രേഖ.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബദല്‍ വികസന രേഖ അംഗീകരിച്ച സി.പി.എം കൂത്തു പറമ്പ് രക്തസാക്ഷികളുള്‍പ്പടെ തങ്ങള്‍ ഇതു വരെ നടത്തിപ്പോന്ന തെറ്റായ സമരങ്ങള്‍ക്ക് ബലി കൊടുക്കേണ്ടി വന്നവരോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തും വികസന രംഗത്തും ദശാബ്ദങ്ങളായി സി.പി.എമ്മും ഇടതു മുന്നണിയും നടത്തി വന്നിരുന്ന നിഷേധ സമരങ്ങളെല്ലാം തെറ്റാണെന്ന് സമ്മതിക്കുന്നതാണ് പിണറായി വിജയന്റെ ബദല്‍ രേഖ. അത് ഏക കണ്ഠമായി അംഗീകരിക്കുക വഴി സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി നടത്തിയ അക്രമ സമരങ്ങളെ തള്ളിപ്പറയുകയാണ്.
വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്നു എന്ന് പറഞ്ഞ് സഹകരണ മേഖലയില്‍പ്പോലും സ്വശ്രയ കോളേജുകള്‍ പാടില്ലെന്ന ദുര്‍വാശിക്ക് ബലിയാടുകളായവരാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍. അന്നത്തെ സമരം തെറ്റായിപ്പോയെന്ന് സമ്മതിക്കുമ്പോള്‍ കൂത്തുപറമ്പ് രക്ത സാക്ഷികളോട് സി.പി.എം മാപ്പു പറയണം. എസ്.എഫ്‌ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും യുവാക്കളെ ചാവേറുകളാക്കി ഇളക്കി വിട്ട് എത്രയെത്ര സമാരാഭാസങ്ങളാണ് സി.പി.എം നടത്തിയത്? ആരാധ്യനായ മുന്‍ അംബാസിഡര്‍ ശ്രീനിവാസനെ മര്‍ദ്ദിക്കുക പോലും ചെയ്തു. സ്വകാര്യമേഖലയില്‍ പോളിടെക്‌നിക്കുകള്‍ പോലും അനുവദിക്കാന്‍ സമ്മതിക്കാത്ത സിദ്ധാന്ത ദുര്‍വാശിയാണ് ഇപ്പോള്‍ തിരുത്തുന്നത്. ടി.എം ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൊണ്ടു വന്ന പ്രീഡിഗ്രി ബോര്‍ഡിനെ എതിര്‍ക്കുന്നതിന് തെരുവുകള്‍ കത്തിച്ച ഇവര്‍ തന്നെ പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ അതിനെക്കാള്‍ മോശമായി പ്‌ളസ് ടു നടപ്പാക്കി.
ലോകബാങ്കും ഐ.എം.എഫും എ.ഡി.ബിയുമൊക്കെ മുതലാളിത്തത്തിന്റെ ചൂഷണ ഉപാധികളാണെന്ന് പറഞ്ഞ് എതിര്‍ക്കുകയും എ.ഡി.ബി ഉദ്യോഗസ്ഥരുടെ തലയില്‍ കരി ഓയില്‍ ഒഴിക്കുകയും കേരളത്തിന്റെ വികസന പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്തവര്‍ തന്നെയാണിപ്പോള്‍ വായ്പക്കായി അവരുടെയൊക്കെ പിന്നാലെ നടക്കുന്നത്. മുതലാളിത്തത്തോടുള്ള വിരോധമെല്ലാം അവസാനിപ്പിച്ച് കുത്തകളോട് കൂട്ടു കൂടുകയും നവലിബറല്‍ നയങ്ങളെ വാരിപ്പുണരുകയാണ് സി.പി.എം ഇപ്പോള്‍ ചെയ്യുന്നത്.
ഏതായാലും തങ്ങള്‍ ഇതുവരെ പിന്തുടര്‍ന്നതെല്ലാം തെറ്റായി എന്ന് ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് ഇതു വരെ ചെയ്തു പോയെതിനെല്ലാം മാപ്പു പറയാനുള്ള ആര്‍ജ്ജവം കൂടി പിണറായിയും സി.പി.എമ്മും കാട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave Comment